അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് റോഡ് ഷോ നടത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്കാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്. വൈകുന്നേരം വിമാനത്താവളത്തിലെത്തുന്ന യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. തുടര്‍ന്ന് ഇരുവരും ചേർന്ന് മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെഗാ റോഡ്ഷോ നടത്തുകയായിരുന്നു. അഹമ്മദാബാദിനെയും ഗാന്ധിനഗറിനെയും ബന്ധിപ്പിക്കുന്ന ഇന്ദിരാ പാലത്തിലാണ് റോഡ് ഷോ സമാപിച്ചത്.
ഇരുരാഷ്ട്രത്തലവന്‍മാരുടെയും സാന്നിധ്യം പരിഗണിച്ച് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ (വിജിജിഎസ്) പത്താം പതിപ്പ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം, പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സിഇഒമാരുമായി മോദി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഗിഫ്റ്റ് സിറ്റിയിലേക്ക് പോകും. ഏകദേശം വൈകുന്നേരം 5:15 ന്, ഗ്ലോബല്‍ ഫിന്‍ടെക് ലീഡര്‍ഷിപ്പ് ഫോറത്തില്‍ സ്വാധീനമുള്ള ബിസിനസ്സ് നേതാക്കളുമായി അദ്ദേഹം സംവദിക്കും. ജനുവരി 10 മുതല്‍ 12 വരെ ഗാന്ധിനഗറിലാണ് വിജിജിഎസിന്റെ പത്താം പതിപ്പ് നടക്കുന്നത്.
അതേസമയം, ഫെബ്രുവരി 13ന് നടക്കാനിരിക്കുന്ന ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും. അബുദാബിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ വമ്പിച്ച സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ‘അഹ്‌ലൻ മോദി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 50,000-ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചതായി ബാപ്‌സ് സ്വാമിനാരായണ സൻസ്തയുടെ പ്രസ്താവനയിൽ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments