വിമാന യാത്രകൾ നടത്തുമ്പോൾ പലർക്കും ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെന്നില്ല. യാത്രക്കാരുടെ ഈ പരാതികൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ. യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇൻഡിഗോ ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഇഷ്ടമുള്ള സീറ്റ് ലഭിക്കണമെങ്കിൽ അധിക തുക ചെലവഴിക്കേണ്ടി വരും. ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കുന്നതിന് 75 രൂപ മുതലാണ് ഇൻഡിഗോ ഈടാക്കുക. അതേസമയം, മുൻനിരയിലെ വിൻഡോ സീറ്റ് ലഭിക്കണമെങ്കിൽ 2000 രൂപ വരെ നൽകേണ്ടിവരും. ലെഗ്സ്പേസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇൻഡിഗോ സീറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
അധിക ഇടം നൽകുന്ന എക്സ്എൽ (XL) സീറ്റുകൾക്കാണ് മറ്റുള്ളവയെക്കാൾ ചാർജ് കൂടുതൽ. എക്സ്എൽ സീറ്റുകൾക്ക് 1400 രൂപ മുതൽ 2000 രൂപ വരെയാണ് നിരക്ക്. മധ്യ ഭാഗത്തെ സീറ്റുകൾ ലഭിക്കണമെങ്കിൽ 150 രൂപ മുതൽ 1500 രൂപ വരെ നൽകേണ്ടിവരും. 222 സീറ്റുകൾ ഉള്ള A321 വിമാനത്തിലും, 186 സീറ്റുകൾ ഉള്ള A320 വിമാനത്തിലും, 180 സീറ്റുകൾ ഉള്ള A320 വിമാനത്തിലും യാത്രക്കാരുടെ ഇഷ്ട സീറ്റ് തിരഞ്ഞെടുക്കുന്നതിന് ഒരേ നിരക്കുകളാണ് ഇൻഡിഗോ ഈടാക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇൻഡിഗോ ടിക്കറ്റുകളിലെ ഇന്ധന സർചാർജിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
Post Your Comments