
കോഴിക്കോട്: സാമൂഹിക പ്രവർത്തക വി.പി സുഹറയുടെ പരാതിയിൽ സമസ്ത ജോയിന്‍റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തില്‍ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഉമര്‍ ഫൈസി നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഇതിനെതിരെയാണ് സുഹറ പൊലീസില്‍ പരാതി നല്‍കിയത്.
ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസ് ഉമര്‍ ഫൈസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വി.പി സുഹറ കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടാകുന്നത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഉമര്‍ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295എ, 298 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിലേക്ക്’ പരിപാടിയിൽ അതിഥിയായി പങ്കെടുത്ത സുഹറ തട്ടമൂരി പ്രതിഷേധിച്ചതും വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയെയായിരുന്നു വിവാദ പരാമർശം.
Post Your Comments