അച്ഛൻ കോവിൽ ശാസ്താവിന്റെ പരിവാരങ്ങളിൽ പ്രധാനിയായിരുന്നു കറുപ്പാ സാമി.അച്ചൻകോവിൽ മലയുടെ കിഴക്കുവടക്കേ കോണിലുള്ള താഴ്വരയിലാണ് അച്ഛൻ കോവിൽ ക്ഷേത്രം.കിഴക്കേ ഗോപുരത്തിൽനിന്നു കിഴക്കോട്ടു നോക്കിയാൽ കാണാവുന്ന ഒരു സ്ഥലത്ത് ഒരു കോവിലിൽ കറുപ്പസ്വാമിയെന്നും അതിന്റെ ഇടത്തുവശത്തു കറുപ്പായി അമ്മ എന്നും രണ്ടു മൂർത്തികൾ പ്രതിഷ്ഠയായി ഉണ്ട്.കറുപ്പായി അമ്മ കറുപ്പസ്വാമിയുടെ ഭാര്യയാണ്. കറുപ്പസ്വാമി മുതലായി ശേഷമുള്ള പരിവാരമൂർത്തികൾക്കെല്ലാം ‘താഴത്തേതിൽവീട്ടുകാർ’ എന്നു പറയപ്പെടുന്ന ഒരു വക പാണ്ടിപ്പിള്ളമാരാണ് ശാന്തി നടത്തി വരുന്നത്.
ഈ വീട്ടുകാരെ കറുപ്പൻ പൂശാരികൾ എന്നും പറയാറുണ്ട്. പണ്ടു കറുപ്പസ്വാമിക്കു മദ്യവും മാംസവും കൂടി നിവേദിക്കാറുണ്ടായിരുന്നു. നിവേദ്യത്തിനുള്ള മാംസം അന്നന്നു കൊല്ലപ്പെട്ട കാട്ടുമൃഗങ്ങളുടേതായിരിക്കണമെന്നു നിർബന്ധവുമുണ്ടായിരുന്നു. നിവേദ്യത്തിനുള്ള മദ്യവും മാംസവും കറുപ്പസ്വാമികോവിലിലെ ആവശ്യത്തിനു വേണ്ടുന്ന വിറകും തീയും പതിവായി കൊണ്ടുചെന്നു കൊടുക്കുന്നതിന് ഒരു വീട്ടുകാരെ പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആ വീട്ടിൽ ഒരു കാലത്ത് കൊച്ചിട്ടാണൻ എന്നൊരാളുണ്ടായിരുന്നു. അയാളാണ് കറുപ്പസ്വാമി കോവിലിൽ അക്കാലത്തു മദ്യവും മാംസവും തീയും വിറകും പതിവായി ശേഖരിച്ചു കൊടുത്തിരുന്നത്.
ഒരു ദിവസം അതിരാവിലെ കൊച്ചിട്ടാണൻ മാംസം തേടി കാട്ടിൽച്ചെന്നപ്പോൾ അയാളെ ഒരു കടമാൻ പോത്തു കൊമ്പ് കൊണ്ട് വെട്ടിക്കൊന്നു. അന്നു പൂജയ്ക്കുള്ള സമയായിട്ടും കൊച്ചിട്ടാണൻ മടങ്ങിവരായ്കയാൽ അയാളുടെ വീട്ടിലുണ്ടായിരുന്നവർ വ്യസനാകുലരായിത്തീർന്നു. നിവേദ്യത്തിനുള്ള സാധനങ്ങൾ സമയത്തിനു കിട്ടായ്കയാൽ പൂശാരി കോപിച്ച് വിറച്ചുതുടങ്ങി. ആ സമയം അയാളിൽ കറുപ്പസ്വാമിയുടെ ആവേശമുണ്ടാകയാൽ അയൾ വിറച്ചുവിറച്ചു തുള്ളിത്തുടങ്ങി. തുള്ളിത്തുള്ളി അയാൾ കാട്ടിലേക്ക് ഓടിപ്പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ ഏറ്റവും വലിയതായ ഒരു കടമാൻപോത്തിനെ കൊമ്പിൽപ്പിടിച്ചു വലിച്ചിഴച്ച് കൊണ്ടുവന്നു. കറുപ്പസ്വാമി ആ കടമാൻപോത്തിനെ കൊമ്പുകളിൽപ്പിടിച്ചു തലയോള മുയർത്തി മൂന്നു പ്രാവശ്യം ചുറ്റിയിട്ട് ഒരേറു കൊടുത്തു.
കൊമ്പുകൾ സ്വാമിയുടെ കൈകളിൽത്തന്നെയായിരുന്നു. കടമാൻ പോത്തിന്റെ ഉടൽ ഒരാലിന്റെ ചുവട്ടിൽച്ചെന്നു വീണു. ദുര്മരണം നിമിത്തം ദുരാത്മാവായി മാറിയ കൊച്ചിട്ടാണനെ ആ ആലിന്റെ ചുവട്ടിൽത്തന്നെ കടമാൻ പോത്തിന്റെ ഉടൽ ചെന്നുവീണ സ്ഥലത്തു പ്രതിഷ്ഠിച്ചുകൊള്ളണമെന്നും മദ്യവും മാംസവും നിവേദ്യം മേലാൽ വേണ്ടെന്നും കറുപ്പസ്വാമി കൽപ്പിച്ചു.അക്കാലം മുതൽക്കു കറുപ്പസ്വാമിക്കു മദ്യവും മാംസവും നിവേദ്യം വേണ്ടെന്നു വെയ്ക്കുകയും ചെയ്തു. എങ്കിലും കുറച്ചുകാലം മുമ്പുവരെ ക്ഷേത്രത്തിൽ വിറകും തീയും കൊടുത്തിരുന്നതു കൊച്ചിട്ടാണന്റെ വീട്ടുകാർ തന്നെയാണ്.
കടമാൻപോത്തിന്റെ കൊമ്പുകൾ കറുപ്പസ്വാമി ക്ഷേത്രത്തിന്റെ അകത്തു മണ്ഡപത്തിൽ തന്നെ കെട്ടിത്തൂക്കിയിട്ടിട്ടുണ്ടായിരുന്നു. എന്നാൽ ക്ഷേത്രത്തിൻ അഗ്നിബാധയുണ്ടായ കാലത്ത് ആ കൊമ്പുകളും അഗ്നിക്കിരയാവുകയും അത് നശിച്ചു പോകുകയും ചെയ്തു. അച്ചൻകോവിൽശാസ്താവിന്റെയും അവിടുത്തെ പരിവാരമൂർത്തികളുടെയും വിശേഷിച്ച് കറുപ്പസ്വാമിയുടെയും മഹത്വവും മാഹാത്മ്യവും വിശേഷിപ്പിച്ചു നിരവധി കഥകൾ ഉണ്ട്.
Post Your Comments