
ഹൈദരാബാദ്: അദാനിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയെ പോലും അമ്പരപ്പിച്ച് തെലങ്കാന കോൺഗ്രസ് സർക്കാർ. അദാനി പോർട്ട്സ് & സ്പഷ്യൽ എക്കണോമിക് സോൺസ് എംഡി കരൺ അദാനിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്താനായി കമ്പനിയെ ക്ഷണിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രേവന്ത് റെഡ്ഡി വ്യക്തമാക്കി.
അദാനി ഡിഫൻസ് & എയറോസ്പേസ് സിഇഒ ആശിഷ് രാജവംശിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്ത് നിലവിൽ കമ്പനി നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ നിക്ഷേപങ്ങൾ നടത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി അദാനി ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് തെലങ്കാന സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തതായും കമ്പനി അറിയിച്ചു.
സംസ്ഥാനത്ത് ഒരു ഡാറ്റാ സെന്ററും എയറോ സ്പേസ് പാർക്കും സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് യോഗത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു. സർക്കാരിന്റെ പരിപൂർണ പിന്തുണ ലഭിക്കുകയാണെങ്കിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദാനി ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ ഭരിക്കുന്ന പാർട്ടി ഏതാണെന്ന് നോക്കിയല്ല കമ്പനി നിക്ഷേപം നടത്തുന്നതെന്ന് കരൺ അദാനി പറഞ്ഞു.
കൂടുതൽ നിക്ഷേപം നടത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഇതുവഴി സംസ്ഥാനത്ത് ഒരുപാട് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അദാനി ഗ്രൂപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി പാർട്ടി നേതാവ് രാഹുൽ സജീവമാകുന്നതിനിടെയാണ് പാർട്ടി ഭരിക്കുന്ന സംസ്ഥാനം തന്നെ കമ്പനിയെ കൂടുതൽ നിക്ഷേപം നടത്താനായി ക്ഷണിച്ചിരിക്കുന്നത്. രാഹുലിന്റെ ആരോപണങ്ങളുടെയും രാഷ്ട്രീയ നീക്കങ്ങളുടെയും മുനയൊടിക്കുന്നതാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പുതിയ നീക്കം.
Post Your Comments