പത്തനംതിട്ട: സന്നിധാനത്തെ തിരക്ക് കുറയ്ക്കാനുള്ള നടപടികൾ വ്യക്തമാക്കി മന്ത്രി കെ ബി ഗണേഷ് കുമാർ. അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്താൽ സന്നിധാനത്തെ തിരക്കു കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അരവണയും അപ്പവും മൂന്ന് മാസം മുമ്പേ ഉണ്ടാക്കിവെക്കുന്നതാണ്. ഭഗവാന് നിവേദിക്കുന്ന പ്രസാദമായി താനതിനെ കാണുന്നില്ല. ഭഗവാന് മുന്നിൽ കൊണ്ടുവെച്ച് പൂജിച്ച് നിവേദിച്ചു തരുന്നതാണ് പ്രസാദം. മൂന്ന് മാസം മുമ്പേ ഉണ്ടാക്കി വെക്കുന്ന ഉത്പന്നം താഴെ വിറ്റാൽ മതിയെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
പത്തു പേർ ഒരുമിച്ച് ശബരിമലയിൽ പോകുമ്പോൾ രണ്ടുപേർ പോയി ക്യൂ നിന്ന് അപ്പവും അരവണയും വാങ്ങുമായിരിക്കും. എട്ട് പേർ അവിടെ കാത്തിരിക്കുകയാണ്. അപ്പോൾ സന്നിധാനം നിറയുകയാണ്. അതേസമയം, പമ്പയിലാണ് അത് വിതരണം ചെയ്യുന്നതെങ്കിൽ അവർ ബാങ്ക് വഴിയാണ് അത് ബുക്ക് ചെയ്യുന്നത്. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് താഴെനിന്ന് അത് വാങ്ങി പോകാമല്ലോ. സന്നിധാനത്തുനിന്നുതന്നെ വാങ്ങണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണ്. നെയ്യഭിഷേകത്തിന്റെ നെയ് ഒരു ചെറിയ പാത്രത്തിലാക്കി ചന്ദ്രാനന്ദ റോഡിറങ്ങുന്നിടത്ത് വെച്ച് വിതരണം ചെയ്യണം. കൂപ്പണുള്ള എല്ലാവർക്കും ഒരു ടിൻ നെയ് കൊടുക്കാം. ഇത് മറ്റുള്ളവരുടെ കാഴ്ചപ്പാടല്ല, ഒരു മനുഷ്യനെന്ന നിലയിലുള്ള തന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും അദ്ദേഹം വിശദമാക്കി.
നിയമസഭയിലും ഇതേ പ്രസംഗം നടത്തിയതാണ്. നെയ്യ് വാങ്ങാൻ ആളുകൾ സന്നിധാനത്ത് കാത്തുനിൽക്കുകയാണ്. സന്നിധാനത്ത് തൊഴുത് വേഗം ആളുകളെ ഇറക്കണം. തിരക്ക് കുറയ്ക്കാൻ വളരെ എളുപ്പമല്ലേ. പ്രായമുള്ളവരേയും കുഞ്ഞുങ്ങളേയും മാത്രം നടപന്തലിൽ വിശ്രമിക്കാൻ അനുവദിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
മകരവിളക്കിന് യാത്രക്കാർക്ക് അസൗകര്യമുണ്ടാകില്ലെന്നും വാഹനസൗകര്യം സുഗമമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. പോലീസ് ബസ് തടയുന്നത് അനുവദിക്കില്ല. ബസിനു മുകളിൽ കയറിയിരുന്നുള്ള അനാവശ്യ സമരങ്ങളൊന്നും അനുവദിക്കില്ല. സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്. ബസിന്റെ മുന്നിൽ കയറിയിരുന്ന് സമരമൊന്നും നടത്തരുത്. അതും തെറ്റാണ്. അസൗകര്യമുണ്ടാവില്ല. ബസുകൾ നിറയുന്നതനുസരിച്ച് ആളുകളെ വിടും. വ്രതമെടുക്കുന്നത് മനഃശുദ്ധിക്കും മനഃശക്തിക്കും വേണ്ടിയാണ്. ശരണം വിളിക്കുന്നതിന് പകരം ബസിനു മുകളിൽ കയറിയിരുന്ന് അസഭ്യം പറയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നമ്മളൊക്കെ ദൈവവിശ്വാസികളാണ്. അത് പറയാൻ മടിയില്ലാത്ത ആളാണ് താൻ. ഏറ്റവും കൂടുതൽ തവണ ശബരിമലയിൽ പോയിട്ടുള്ള ആളായിരിക്കും താൻ. ആദ്യകാലങ്ങളിലൊക്കെ എല്ലാം മാസവും താൻ ശബരിമലയിൽ പോകുമായിരുന്നു. അന്ന് ഇതുപോലെ വെളിച്ചവും കോൺക്രീറ്റ് റോഡുമൊന്നുമില്ല. കോളേജിൽ പഠിക്കുന്ന കാലത്ത് തേക്കിന്റെ ഇലയ്ക്കകത്ത് മെഴുകുതിരി കത്തിച്ചുവെച്ച് തനിച്ച് പോയിട്ടുണ്ടെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
Leave a Comment