പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട കേസില്‍ ഒകു തുമ്പും കിട്ടാതെ പൊലീസ്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ല. പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരന്തരം ചോദ്യംചെയ്യുന്നുണ്ടെങ്കിലും അന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ പട്ടാപ്പകല്‍ സ്വന്തം കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട ഡിവൈഎസ്പിയുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ച് എസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍ണ്ണായകമായ ഒരു ലീഡും പൊലീസിന് ലഭിച്ചില്ല.
പ്രധാന പ്രതികളെ സഹായിച്ചെന്ന് കരുതുന്ന നഗരത്തിലെ താമസക്കാരനായ ഓട്ടോ ഡ്രൈവറെ നിരന്തരം ചോദ്യംചെയ്യുന്നുണ്ട്. എന്നാല്‍ കൊല നടത്തിയവരെ കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. തമിഴ്‌നാട് സ്വദേശികള്‍ എന്ന സൂചനയില്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണ സംഘം പോയിട്ടുണ്ടെന്നാണ് വിവരം.
കൊല്ലപ്പെട്ട ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികള്‍ കൊണ്ടുപോയത്. എന്നാല്‍ സ്വര്‍ണ്ണം പണയം വെച്ചതിന്റെയോ വില്‍പന നടത്തിയതിന്റെയോ ഒരു തെളിവും അന്വേഷണ സംഘത്തിന് കിട്ടിയില്ല. മധ്യകേരളത്തിലെ കുപ്രസിദ്ധനായ മോഷ്ടാവിന്റെ സഹായം കൂടി പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ട്. വ്യാപാരിയുടെ കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ എടുത്ത് മാറ്റിയുള്ള കൊലപാതകത്തില്‍ അന്വേഷണം വെല്ലുവിളിയാണ്.
സംഭവം നടന്ന വൈകുന്നേരം കടയ്ക്ക് മുന്നിലൂടെ പോയ ബസ്സുകളിലെ സിസി ടിവി പരിശോധിച്ചാണ് ഓട്ടോ ഡ്രൈവറിലേക്ക് എത്തിയത്.
Post Your Comments