ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. പുതുവർഷത്തിൽ തുടർച്ചയായ രണ്ടാം ദിനമാണ് ഓഹരി സൂചികകൾ ചുവപ്പിൽ മുങ്ങുന്നത്. ആഗോള വിപണിയിലെ ഘടകങ്ങൾ പ്രതികൂലമായതാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ബിഎസ്ഇ സെൻസെക്സ് 536 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 71,356.60-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 148 പോയിന്റ് നഷ്ടത്തിൽ 21,517-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഡിസംബർ പാദഫലങ്ങൾ അടുത്തയാഴ്ച വരാനിരിക്കെ നിക്ഷേപകർ വിൽപ്പനക്കാരായി മാറിയതാണ് ഇടിവിന്റെ മറ്റൊരു കാരണം.
ബിഎസ്ഇയിൽ 3,945 ഓഹരികൾ വ്യാപാരം ചെയ്തതിൽ, 2,194 ഓഹരികൾ നേട്ടത്തിലും, 1,643 ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 108 ഓഹരികളുടെ വില മാറിയില്ല. ബജാജ് ഓട്ടോ, അദാനി എന്റർപ്രൈസസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, അദാനി പോർട്സ് തുടങ്ങിയവയാണ് നിഫ്റ്റിയിൽ കൂടുതൽ നേട്ടം കൈവരിച്ചത്. സുപ്രീംകോടതിയിൽ അദാനി ഗ്രൂപ്പിന് അനുകൂല വിധി ലഭിച്ചതോടെ, അദാനി ഓഹരികൾ മുന്നേറിയിട്ടുണ്ട്. ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, എൽടിഐ മൈൻഡ് ട്രീ എന്നീ ഓഹരികൾ 2 ശതമാനം മുതൽ 4 ശതമാനം വരെ ഇടിഞ്ഞു.
Post Your Comments