സുല്‍ത്താന്‍പൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന ഡോക്ടര്‍ ദമ്പതിമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡോക്ടര്‍ പ്രവീണ്‍ കുമാറും ഭാര്യ ഡോ.സ്വപ്ന ഭാരതിയുമാണ് വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പ്രവീണ്‍ കുമാറും ഭാര്യയും പട്നയില്‍ നിന്ന് ലക്‌നൗവിലേക്ക്
കാറില്‍ പോകുന്ന വഴിയാണ് തീപിടിച്ചത്.
സുല്‍ത്താന്‍പൂരില്‍ വെച്ചാണ് കാറിന്റെ എഞ്ചിനില്‍ നിന്നും തീ പടര്‍ന്നത്. ആദ്യം ശക്തമായ ചൂട് അനുഭവപ്പെട്ടു, പിന്നാലെ ബോണറ്റിനുള്ളില്‍ നിന്നും പുകയുയര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പില്‍ വാഹനം നിര്‍ത്തുമ്പോഴേക്കും തീ പടര്‍ന്നിരുന്നു. ഉടനെ തന്നെ വാഹനം റോഡരികിലേക്ക് നിര്‍ത്തി ചാടിയിറങ്ങിയതിനാല്‍ ജീവന്‍ തിരിച്ച് കിട്ടിയെന്ന് ഡോക്ടര്‍ പ്രവീണ്‍ കുമാറും ഭാര്യ ഡോ. സ്വപ്ന ഭാരതിയും പറയുന്നു.
Read Also: സൊമാറ്റോയ്ക്ക് പിന്നാലെ എൽഐസിക്കും ജിഎസ്ടി നോട്ടീസ്, നികുതി ഇനത്തിൽ അടയ്ക്കാനുള്ളത് കോടികൾ
രക്ഷപ്പെട്ടതിന് പിന്നാലെ പ്രവീണ്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. വിവരമറിഞ്ഞയുടന്‍ സുരക്ഷാ ടീമും ആംബുലന്‍സും സ്ഥലത്തെത്തി. ഇതിന് പിന്നാലെ അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാര്‍ കത്തി നശിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ തീപിടിത്തതിന് കാരണം വ്യക്തമാകൂവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബരാബങ്കി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമയാണ് ഡോ. പ്രവീണ്‍ കുമാര്‍.
Post Your Comments