പത്തനംതിട്ട: ഏരിയ കമ്മറ്റിയംഗത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ വനിതാനേതാവ് നല്‍കിയ പരാതി ജില്ലാ നേതൃത്വം അട്ടിമറിക്കുന്നുവെന്ന ആരോപണത്തില്‍ പത്തനംതിട്ട സി.പി.എമ്മില്‍ വിവാദം കനക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകയും എന്‍.ജി.ഒ യൂണിയന്‍ നേതാവുകൂടിയായ വനിതയാണ് സി.പി.എം കോന്നി ബ്രാഞ്ച് കമ്മറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
ഇവര്‍ പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിട്ട് നാല് മാസമായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം നടന്ന കരിയാട്ടം ഫെസ്റ്റിനിടെയാണ് പരാതിക്കാസ്പദമായ സംഭവം. തുടര്‍ന്ന് വനിതാനേതാവ് സി.പി.എം ജില്ലാ സെക്രട്ടറിയ്ക്ക് പരാതി നല്‍കി. പിന്നീട് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും നടപടി അനന്തമായി നീട്ടിക്കൊണ്ടുപോവുന്നതിലാണ് അതൃപ്തി പുകയുന്നത്.
ഇതിനിടെ പത്തനംതിട്ടയിലെ നവകേരള സദസ്സിന്റെ മുഖ്യസംഘാടകനായി ആരോപണവിധേയനും ഉണ്ടായിരുന്നതാണ് പാര്‍ട്ടിയ്ക്കുള്ളില്‍തന്നെ ഇപ്പോള്‍ പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞയാഴ്ച സി.പി.എം കേന്ദ്രകമ്മറ്റി അംഗമായ വനിതാ നേതാവിന്റെ നേതൃത്വത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്നിരുന്നു.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ഇതിനിടെ ആരോപണവിധേയനൊപ്പമുള്ള ഫോട്ടോ കോന്നി എം.എല്‍.എ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് പത്തനംതിട്ട സിപിഎമ്മില്‍ വലിയ അമര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ വനിതാനേതാവ് പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
Post Your Comments