ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ തമിഴ്നാട്, ലക്ഷദ്വീപ്, കേരള സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 19,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുക. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. തിരുച്ചിറപ്പള്ളിയിലെത്തുന്ന പ്രധാനമന്ത്രി ഭാരതിദാസന്‍ സര്‍വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി, തമിഴ്‌നാട്ടില്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും.
Read Also: ‘സംസ്‌കാരമില്ലെന്ന് സാംസ്‌കാരികമന്ത്രി സ്വയം തെളിയിച്ചു’ : പരിഹസിച്ച് വി മുരളീധരൻ
1150 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലക്ഷദ്വീപില്‍ പ്രധാനമന്ത്രി തറക്കല്ലിടുന്നത്. മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ശുദ്ധമായ കുടിവെള്ള വിതരണം, സൗരോര്‍ജം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇതില്‍പ്പെടുന്നു. കൊച്ചി- ലക്ഷദ്വീപ് സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇത് ഇന്റര്‍നെറ്റ് വേഗത 100 മടങ്ങ് (1.7 ജിബിപിഎസില്‍ നിന്ന് 200 ജിബിപിഎസ്) വര്‍ദ്ധിപ്പിക്കും.
കദ്മത്തിലെ ലോ-ടെമ്പറേച്ചര്‍ തെര്‍മല്‍ ഡിസാലിനേഷന്‍ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധമായ കുടിവെള്ളമാണ് ഇവിടെ ഉത്പാദിപ്പിക്കുക. ലക്ഷദ്വീപിലെ ആദ്യത്തെ ബാറ്ററി പിന്തുണയുള്ള സോളാര്‍ പവര്‍ പ്രോജക്റ്റായ കവരത്തിയിലെ സോളാര്‍ പവര്‍ പ്ലാന്റും നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും.
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തൃശൂരില്‍ മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കും. 2 ലക്ഷം സ്ത്രീകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
Post Your Comments