കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രിമാരായ ആന്റണി രാജുവിന്റെയും അഹമ്മദ് ദേവര്‍കോവിലിന്റെയും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ഉറപ്പായി. 37 പി.എമാർ ആണ് രണ്ട് മന്ത്രിമാർക്കും കൂടിയുള്ളത്. മൂന്ന് വര്‍ഷത്തെ സര്‍വ്വീസാണ് പെന്‍ഷന്‍ കിട്ടാന്‍ വേണ്ടെതെങ്കിലും രണ്ട് വര്‍ഷവും ഒരു ദിവസവും കഴിഞ്ഞാല്‍ അത് മൂന്ന് വര്‍ഷമായി കണക്കൂകൂട്ടിയാണ് പെന്‍ഷന്‍ നല്‍കുന്നത്.
3450 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് പെന്‍ഷന്‍ ലഭിക്കുക. ഡി.എ അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം ലഭിക്കും. 21 പേരായിരുന്നു ആന്റണി രാജുവിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. ഇതില്‍ 19 ഉം രാഷ്ട്രീയ നിയമനമായിരുന്നു. അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫില്‍ 25 പേരാണുണ്ടായിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ലഭിക്കണമെന്നതാണ് ചട്ടം.
കുക്ക് മുതല്‍ അസി. പ്രൈവറ്റ് സെക്രട്ടറിവരെ രണ്ട് വര്‍ഷവും ഒരു മാസവും പണിയെടുത്തവര്‍ക്ക് പെന്‍ഷന്‍ കിട്ടും. ഓഫീസില്‍ നിന്ന് ഇറങ്ങിയാലും ചട്ടപ്രകാരം 15 ദിവസം കൂടി ശമ്പളം കിട്ടും. രാഷ്ട്രീയ നിയമനത്തിലൂടെ അഡീഷണല്‍ – അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാകുന്നവര്‍ക്ക് സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് ലഭിക്കുക. 6200 രൂപ പെന്‍ഷന്‍ കൂടാതെ ഏഴു ശതമാനം ഡി.എ. ടെര്‍മിനല്‍ സറണ്ടറായി രണ്ടര മാസത്തെ മുഴുവന്‍ ശമ്പളം വേറെയും ലഭിക്കും. ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ കമ്മ്യൂട്ടേഷനും ഇതോടൊപ്പം ലഭിക്കും.
Post Your Comments