ഉജ്ജ്വല യോജന ഗുണഭോക്താവായ മീരാ മാഞ്ചിയെ അപ്രതീക്ഷിതമായി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി അവരുടെ വീട്ടിലെത്തിയത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന കുട്ടികൾക്കൊപ്പം ഫോട്ടോയെടുക്കുകയും അവർക്ക് അദ്ദേഹം, ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. കുട്ടികളിൽ ഒരാൾ വരച്ച രാമക്ഷേത്രത്തിന്റെ ചിത്രത്തിൽ അദ്ദേഹം ‘വന്ദേമാതരം’ എന്നെഴുതുകയും ചെയ്തു.
ആറാം ക്ലാസ് വിദ്യാർത്ഥിയായ അനൂജ് എന്ന കുട്ടിയാണ് ചിത്രം വരച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രധാനമന്ത്രി മോദി കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ചു. ‘ആദ്യം അദ്ദേഹം വന്നു, അദ്ദേഹം ഇരുന്നു, എന്റെ കുട്ടികളുമായി സംസാരിച്ചു. ഞാൻ അദ്ദേഹത്തെ കൈകൂപ്പി സ്വാഗതം ചെയ്തു, ഈ പദ്ധതി പ്രകാരം ഞങ്ങൾക്ക് എന്ത് ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന് അദ്ദേഹം ഞങ്ങളോട് ചോദിച്ചു. ഞാൻ എനിക്ക് വീടും ഗ്യാസും സൗജന്യ ജലവിതരണവും ലഭിച്ചുവെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ഇപ്പോൾ പാചകം ചെയ്യുന്നത് ചൂളയിലല്ല, ഗ്യാസ് ഉപയോഗിച്ചാണ് എന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്’, പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് ശേഷം വാർത്താ ഏജൻസിയായ എഎൻഐയോട് മാഞ്ചി വ്യക്തമാക്കി.
ഉച്ചഭക്ഷണത്തിന് എന്താണ് പാകം ചെയ്തതെന്ന് പ്രധാനമന്ത്രി മോദി തന്നോട് ചോദിച്ചതായും മാഞ്ചി കൂട്ടിച്ചേർത്തു. ‘ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ പയറുവർഗ്ഗങ്ങൾ, അരി, പച്ചക്കറികൾ പാകം ചെയ്തുവെന്ന്. ശൈത്യകാലത്ത് ചായ കുടിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിനാൽ ഞാൻ അദ്ദേഹത്തിന് ഒരു കപ്പ് ചായ ഉണ്ടാക്കി’, മാഞ്ചി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദ് അയോധ്യയിൽ എത്തി പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ശേഷം റോഡ് ഷോ നടത്തി. നഗരത്തിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനവും ഉത്തർപ്രദേശിന്റെ വികസന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
Post Your Comments