യുഎഇയിൽ നിന്ന് ആദ്യമായി രൂപയിൽ എണ്ണ വാങ്ങി ഇന്ത്യ. ആഗോളതലത്തില്‍ പ്രാദേശിക കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എണ്ണ വിതരണ മേഖലയിൽ വൈവിധ്യവത്കരണം ഉറപ്പു വരുത്താനും ഇടപാട് ചെലവ് കുറയ്ക്കാനും രൂപയെ ഒരു ലാഭകരമായ ട്രേഡ് സെറ്റിൽമെന്റ് കറൻസിയായി മാറ്റാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.
യുഎഇയുമായി രൂപയിൽ എണ്ണ ഇടപാടുകൾ നടത്താൻ ഇന്ത്യ ഇക്കഴിഞ്ഞ ജൂലൈയിൽ ഒരു കരാർ ഒപ്പിട്ടിരുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിന്ന് (അഡ്നോക്) ഇന്ത്യൻ രൂപയിൽ ഒരു മില്യൺ ബാരൽ ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) പണം നൽകിയിരുന്നു. ഇതിനു പുറമേ റഷ്യയിൽ നിന്നുള്ള ചില എണ്ണ ഇറക്കുമതികളും രൂപയിൽ തീർപ്പാക്കിയെന്നാണ് റിപ്പോർട്ട്.
ഇറക്കുമതിക്കാരെയും കയറ്റുമതിക്കാരെയും പ്രാദേശിക കറൻസിയിൽ പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും അനുവദിക്കുന്ന നയം കഴിഞ്ഞ വർഷം ജൂലൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയുടെ പുതിയ നീക്കം വിപണിയിൽ ഡോളറിനുള്ള മേധാവിത്വത്തിന് തടയിടും എന്നാണ് വിലയിരുത്തൽ.
2022- 23 സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ), 232.7 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ 157.5 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാഖ്, സൗദി അറേബ്യ, റഷ്യ, യുഎഇ എന്നിവരായിരുന്നു പ്രധാന വിതരണക്കാർ.
Leave a Comment