ന്യൂഡൽഹി: രാജ്യത്ത് കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് കൊപ്രയുടെ താങ്ങുവില ഉയർത്തിയത്. 2024 സീസണിൽ മിൽ കൊപ്രയ്ക്ക് 300 രൂപയാണ് കൂട്ടിയത്. ഇതോടെ, മിൽ കൊപ്രയുടെ താങ്ങുവില 11,160 രൂപയായി. നേരത്തെ ഇത് 10,860 രൂപയായിരുന്നു. ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി, 12,000 രൂപയായാണ് വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഉണ്ടക്കൊപ്രയുടെ താങ്ങുവിലയിൽ വരുത്തിയ വർദ്ധനവ് കുറവാണ്. കഴിഞ്ഞ സീസണിൽ ക്വിന്റലിന് 750 രൂപ വരെ ഉയർത്തിയിരുന്നു.
നടപ്പ് കാലയളവിൽ 1.33 ലക്ഷം ടൺ കൊപ്രയാണ് സംഭരിച്ചത്. 1,493 കോടി രൂപ ചെലവിലാണ് ഇക്കാലയളവിൽ കൊപ്ര സംഭരണം നടത്തിയത്. നാഫെഡും, എൻസിസിഎഫും സംഭരണത്തിനുള്ള നോഡൽ ഏജൻസികളായി തുടർന്നും പ്രവർത്തിക്കുന്നതാണ്. അതേസമയം, കൊപ്രയുടെ താങ്ങുവില ഉയർത്തിയ കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ നാളികേര കർഷകർക്ക് ഏറെ ഗുണകരമാകും. സംസ്ഥാന സർക്കാരും അനുപാതികമായി കൊപ്രയുടെ താങ്ങുവില ഉയർത്തിയേക്കുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. കേന്ദ്ര തീരുമാനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചശേഷമാണ് കേരളം താങ്ങുവില ഉയർത്താൻ സാധ്യത.
Also Read: തമിഴകത്തിന്റെ സ്വന്തം ക്യാപ്റ്റൻ ഇനി ഓർമ്മ: നടൻ വിജയകാന്ത് അന്തരിച്ചു
Post Your Comments