ചെന്നൈ: നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായിരുന്നു.
കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്നലെ രാത്രിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ വിയോഗവിവരം അറിയിച്ചത്.
എൺപതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത. മക്കൾ ഷണ്മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.
അനാരോഗ്യത്തെത്തുടർന്ന് നവംബർ 18-ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ചമുമ്പ് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ യോഗം ഡിഎംഡികെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
Post Your Comments