KeralaLatest NewsNews

ക്രിസ്ത്യൻ മതവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കാനായുള്ള ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കും: മന്ത്രി

തിരുവനന്തപുരം: ക്രിസ്ത്യൻ മതവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജെ ബി കോശി കമ്മീഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് 97.72 ലക്ഷം രൂപയുടെ സ്വർണ്ണം

മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ വിവിധ വകുപ്പുകൾ പഠിക്കുകയും ഇവ നല്ല രീതിയിൽ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട പരിശ്രമത്തിലുമാണ് സർക്കാരുള്ളത്. റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാർ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മത ന്യൂനപക്ഷ വിഭാഗങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാലോളി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതുപോലെ തന്നെ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

അടുത്ത ആഴ്ചയോടെ മുഴുവൻ വകുപ്പുകളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചതിനു ശേഷം ഇവ പരിശോധിക്കുന്നതിനുള്ള യോഗം വിളിച്ചു ചേർക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഒന്നായി കണ്ടുകൊണ്ട് ഇവ പരിഹരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഏറ്റവും കൂടുതൽ നടപടികളെടുത്ത സർക്കാരാണ് കേരളത്തിലേത്. ജെ ബി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതോടെ ന്യൂനപക്ഷത്തോടുള്ള സർക്കാരിന്റെ ഏറ്റവും വലിയ കരുതലിന്റെ ഉദാഹരണമായി ഇതുമാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ചില മുസ്ലിം നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മതസൗഹാർദത്തിന് വിലങ്ങുതടിയായി ചിലർ നിൽക്കുകയാണ്. ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് പറയാനെന്തവകാശമാണ് അവർക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുന്ന വ്യക്തികൾക്ക് അർഹമായ ശിക്ഷ നൽകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read Also: കളരിത്തറയിലെ കതിര്‍മണ്ഡപത്തിലേക്ക് ചുവട് വെച്ച് രാഹുലും ശില്‍പയും: വിവാഹ വേഷമായി കളരിയുടെ പരമ്പരാഗത വസ്ത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button