Latest NewsNewsIndia

റോഡ് നിറയെ വാഹനം, ബ്ലോക്ക്; മഹീന്ദ്ര ഥാർ എസ്‌യുവി നദിയിലൂടെ ഓടിച്ച് യുവാവ് – വീഡിയോ വൈറൽ

ചണ്ഡീഗഡ്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി നിരവധി വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിലേക്ക് എത്തിയത്. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ഹിമാചൽ പ്രദേശിലെ റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഈ തിരക്കിനിടയിൽ, ഒരു വിനോദസഞ്ചാരി ട്രാഫിക്കിനെ തോൽപ്പിക്കാൻ ഒരു തന്ത്രപരമായ മാർഗം കണ്ടെത്തി. റോഡ് മാർഗം ഒഴിവാക്കി തന്റെ വാഹനം സമീപത്തെ നദിയിലൂടെ ഓടിച്ചു.

ലാഹൗൾ താഴ്‌വരയിലെ ചന്ദ്ര നദിയിലൂടെയാണ് യുവാവ് തനറെ മഹീന്ദ്ര ഥാർ എസ്‌യുവി ഓടിച്ചത്. റോഡിൽ ബ്ലോക്കിൽ അകപ്പെട്ട സഞ്ചാരികളിൽ ഒരാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. നദിയിലെ ജലനിരപ്പ് കൂടുതലായിരുന്നില്ല, അല്ലാത്തപക്ഷം ഡ്രൈവ് അപകടം നിറഞ്ഞതാകുമായിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ നാട്ടുകാരിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

എസ്‌യുവിയുടെ ഡ്രൈവർക്കെതിരെ പോലീസ് നോട്ടീസ് അയച്ചു. മോട്ടോർ വെഹിക്കിൾസ് ആക്റ്റ് 1988 പ്രകാരം യുവാവ് നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും ഭാവിയിൽ ആരും ഇത്തരമൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് എസ്പി മായങ്ക് ചൗധരി പറഞ്ഞു.

ഇന്നലെ വൈകുന്നേരം വിനോദസഞ്ചാരി തന്റെ കാർ നദിയിലേക്ക് ഓടിച്ചുകയറ്റിയതോടെ ലാഹൗൾ-മണാലി റൂട്ടിൽ പലയിടത്തും വൻ ഗതാഗതക്കുരുക്കുണ്ടായി. കുളു ജില്ലയിലെ വിനോദസഞ്ചാര നഗരമായ മണാലിയിൽ ക്രിസ്മസ് ആഘോഷിക്കാനും ലാഹൗൾ താഴ്‌വരയിലെ മഞ്ഞുവീഴ്ച കാണാനും വിനോദസഞ്ചാരികൾ ഒഴുകിയെത്തുകയാണ്. കുളു, ലഹൗൾ, സ്പിതി എന്നിവിടങ്ങളിൽ ചേരുന്ന റോഹ്താങ്ങിലെ അടൽ തുരങ്കത്തിലൂടെ 55,000 വാഹനങ്ങൾ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കടന്നതായി അധികൃതർ അറിയിച്ചു. റോഡുകളിൽ വാഹനങ്ങളുടെ നീണ്ട ക്യൂ കാണിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. പുതുവത്സരാഘോഷങ്ങൾക്കായി ഈ ആഴ്ച ഒരു ലക്ഷത്തിലധികം വാഹനങ്ങൾ ഷിംലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button