തൃശ്ശൂർ: തൃശ്ശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തമാസത്തോളം യുവതി വിവരം എല്ലാവരിൽ നിന്നും മറച്ചുവെയ്ക്കുകയായിരുന്നു. 42 വയസുകാരിയായ മാതാവ് പതിനെട്ട് വയസുള്ള മകനൊപ്പമാണ് താമസം. ഇവർ വിവാഹമോചിതയാണ്. ഗർഭകാലവും പ്രസവവും ഒന്നും ആരും അറിഞ്ഞില്ല.
പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി തൃശൂർ ഗവ.മെഡിക്കൽ കോളജിൽ ചികിൽസ തേടിയിരുന്നു. എന്നാൽ, ഡോക്ടർമാരുടെ പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് തെളിയുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വീട്ടിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പറഞ്ഞത്. മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോർട്ടം നടത്തണമെന്ന് പോലീസ് അറിയിച്ചു.
യുവതി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ആശുപത്രി അധികൃതർ മനസിലാക്കുന്നത്. വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും മറച്ചുവച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി നിലവിൽ പോലീസിന്‍റെ നിരീക്ഷണത്തിലാണ്.
Post Your Comments