സുല്‍ത്താന്‍ ബത്തേരി: വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്നാരോപിച്ച് രംഗത്തെത്തിയ ഷഹാനയ്‌ക്കെതിരെ വിചിത്ര ആരോപണങ്ങളുമായി ഭർത്താവ്. ഷഹാന പുതിയ ഫാഷനിലാണ് നടക്കുന്നതെന്ന് ഭർത്താവായ നായ്‌ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദിഖ് ആരോപിച്ചതായി റിപ്പോർട്ട്. ഷഹാനയുമായി ഒരിക്കലും ഒത്തുപോകാൻ കഴിയില്ല എന്നാണ് ഭർത്താവ് പറയുന്നത്. തനിക്കോ തൻ്റെ കുടുംബത്തിനോ താൽപര്യമില്ലാത്ത രീതിയിലാണ് ഷഹാനയുടെ നടപ്പും പ്രവർത്തികളുമെന്നും ഇയാൾ ആരോപിക്കുന്നു. അവൾ പതിവായി ജിമ്മിൽ പോകാറുണ്ട്. കുടുംബത്തിന് ചേരാത്ത രീതിയിലാണ് അവളുടെ ജീവിതം. ഭർത്താവിനെയും കുടുംബത്തെയും അവൾ അനുസരിക്കാറില്ല. പുതിയ ഫാഷനിൽ നടക്കുന്നതും അവളുടെ പതിവാണ്. ഇതൊക്കെയാണ് താനും ഷഹാനയുമായുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന വിചിത്രമായ ആരോപണങ്ങളാണ് ഭർത്താവ് ഉയർത്തുന്നത്.
സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളുമാണ് ഭര്‍തൃ പീഡനം ആരോപിച്ച് രംഗത്തെത്തിയത്. ഭര്‍തൃ വീടിന് മുന്നില്‍ പ്രതിഷേധിച്ച് യുവതിയും മകളും രംഗത്ത് വന്നതോടെയാണ് സംഭവം വാർത്തയായത്. വിവാഹമോചനം നേടാതെ ഭർത്താവായ നായ്‌ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദിഖ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭർതൃവീടിന് മുന്നിൽ ബഹളം വെക്കുകയായിരുന്നു. പോലീസെത്തി ഇവരെ ശാന്തമാക്കുകയായിരുന്നു. സ്‌ത്രീധനത്തിന്റെ പേരിൽ അബൂബക്കർ സിദ്ദിഖിൽ നിന്നും വീട്ടുകാരിൽ നിന്നും കൊടിയ പീഡനങ്ങൾ സഹിക്കേണ്ടി വന്നെന്നാണ് ഷഹാന പറയുന്നത്. ഉപ്പ മരിച്ചതിന് ശേഷം ഭർത്താവും രണ്ടു സഹോദരിമാരും അവരുടെ ഭർത്താക്കൻമാരും ചേർന്ന് സ്‌ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും, ഇനി അവർക്ക് നൽകാൻ തന്റെ കയ്യിൽ ഒന്നുമില്ലെന്നും യുവതി അറിയിച്ചു.
‘എന്റെ കൈയിൽ ഇനിയൊന്നും കൊടുക്കാനില്ല. എല്ലാം ഞാൻ കൊടുത്തു. 37 പവനും മൂന്ന് ലക്ഷം രൂപയും കൊടുത്തു. ഭർത്താവ് വീട്ടിൽ വന്നു നിരന്തരം ശല്യം ചെയ്യുകയാണ്. ഒന്നര വർഷമായി മാറി താമസിക്കുകയാണ്. ഇതിനിടെ ഭർത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികൾ ആരംഭിച്ചു. നിയമപരമായി വിവാഹമോചനം നേടാതെ ഭർത്താവ് മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷമായി മകൾക്ക് ചിലവിന് പോലും ഒന്നും തരുന്നില്ല’, ഷഹാന പറഞ്ഞു.
Post Your Comments