KeralaLatest NewsNews

‘എല്ലാവരെയും ഒരു നിലയിൽ എത്തിച്ചു, അവസാനമായപ്പോൾ എനിക്കൊന്നുമില്ല’: ബീന കുമ്പളങ്ങിയുടെ ഇപ്പോഴത്തെ അവസ്ഥ

കല്യാണരാമന്‍ എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ബീന കുമ്പളങ്ങി. 80 കളിൽ നായിക ആയിട്ടായിരുന്നു നടിയുടെ തുടക്കം. എന്നാൽ, പിന്നീട് സഹതാരമായി ഒതുങ്ങുകയായിരുന്നു. ഇപ്പോഴിതാ നടി ബീന കുമ്പളങ്ങിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സീമ ജി നായര്‍ ആണ് ബീനയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴായിരുന്നു ഈ തീരുമാനമെന്ന് ബീന പറയുന്നു.

സഹോദരിയും ഭര്‍ത്താവും കൂടി സ്വന്തം വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നാണ് നടി ബീന കുമ്പളങ്ങി പറയുന്നത്. താന്‍ കഴിഞ്ഞായാഴ്ച ആത്മഹത്യ ചെയ്യാനൊരുങ്ങിയിരുന്നു എന്നാണ് ബീന കുമ്പളങ്ങി പറയുന്നത്. സഹോദരിയും അവളുടെ ഭര്‍ത്താവും ചേര്‍ന്ന് തന്നെ മാനസികമായി ഒരുപാട് പീഡിപ്പിച്ചു എന്ന് ബീന മാധ്യമങ്ങളോട് വ്യക്തമാക്കി.

‘മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കില്‍ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിരുന്നു. അങ്ങനെ ഇളയസഹോദരന്‍ മൂന്ന് സെന്റ് സ്ഥലം തന്നു. അതില്‍ സംഘടന എനിക്ക് വീട് വെച്ച് തരികയും ചെയ്തു. എന്റെ അനിയത്തി വാടകവീട്ടിലും മറ്റുമായി താമസിക്കുകയായിരുന്നു. അവള്‍ക്കൊരു സഹായമാവുമല്ലോ എന്ന് കരുതി എന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചു. പക്ഷെ രണ്ടാഴ്ച മുതല്‍ ആ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞ് പ്രശ്‌നമായി. സഹോദരിയും അവളുടെ ഭര്‍ത്താവും ചേര്‍ന്ന് എന്നെ മാനസികമായി അത്രത്തോളം പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഞാന്‍ ആത്മഹത്യ ചെയ്ത് പോയേനെ. അത്രത്തോളം സംഭവങ്ങളാണ് എന്റെ വീട്ടില്‍ നടന്നത്. അതുകൊണ്ട് ഞാനവിടെ നിന്നും ഇറങ്ങി വരികയും സീമ ജി നായരെ വിളിക്കുകയുമായിരുന്നു. എനിക്ക് വേറെ വീടോ മറ്റ് നിവൃത്തിയോ ഇല്ലാത്തതിനാല്‍ ഒരു അനാഥാലയത്തിലേക്ക് എന്നെ കൊണ്ട് പോവുകയാണ്. പതിനെട്ട് വയസില്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതാണ്. എന്റെ കുടുംബത്തിലുള്ളവരെ ഒക്കെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിച്ചു. അവസാനമായപ്പോഴും എനിക്ക് ഒന്നുമില്ല. ഞാനുടുത്ത വസ്ത്രം പോലും മുറിച്ചെടുക്കുന്ന ആള്‍ക്കാരാണ് അവിടെയുള്ളത്. ഞാന്‍ ശരിക്കും രക്ഷപ്പെട്ട് പോന്നതാണ്. സീമ ഫോണ്‍ എടുത്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ’, ബീന മാധ്യമങ്ങളോട് പറഞ്ഞു.

‘കുറച്ച് ദിവസങ്ങളായി ചേച്ചി ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇത്തരം വിഷയങ്ങളില്‍ നമുക്ക് പെട്ടെന്ന് കയറി ഇടപെടുന്നതിന് ഒരു പരിധിയുണ്ട്. എന്നാല്‍ ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന അവസ്ഥയിലാണെന്ന് പറഞ്ഞപ്പോഴാണ് ഇതില്‍ ഇടപെടുന്നത്. താന്‍ രക്ഷാധികാരി കൂടിയായ ജനസേവ കേന്ദ്രത്തിലേക്ക് അവരെ മാറ്റുകയാണ്. ഒരുപാട് അസുഖങ്ങളൊക്കെ ഉള്ള ആളാണ്. ചേച്ചി ആകെ കരച്ചിലായിരുന്നു. അത്രയും വേദനയില്‍ നില്‍ക്കുകയാണ്. അമ്മ സംഘടന നിര്‍മ്മിച്ച് നില്‍കിയ വീടാണ്. പക്ഷേ അവിടെ പുള്ളിക്കാരിയ്ക്ക് മനസമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നില്ല. പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. ആ വീട് അവര്‍ക്ക് എഴുതി കൊടുക്കണമെന്നാണ് പറയുന്നത്. ഇപ്പോള്‍ ബീന ചേച്ചിയുടെ ആരോഗ്യവസ്ഥയൊക്കെ വളരെ മോശമാണ്’, സീമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button