
ഇന്ത്യയിൽ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഗുജറാത്തിൽ കോടികളുടെ നിക്ഷേപമാണ് നടത്താൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിന്റെ വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തുക. ഉത്തർപ്രദേശിനു ശേഷം ഗുജറാത്തിലും ലുലു മാൾ ആരംഭിക്കാനാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതി. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ലുലു മാൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഗുജറാത്ത് സർക്കാരുമായി ലുലു ഗ്രൂപ്പ് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. അഹമ്മദാബാദിൽ നിർമ്മിക്കുന്ന മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഫൺടുറ, 15 സ്ക്രീൻ സിനിമ എന്നിവ ഉൾപ്പെടുത്തും. കൂടാതെ, വിശാലമായ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനവും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ 30 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ മാൾ ആരംഭിക്കുന്നതോടെ, 6,000 ലധികം പേർക്ക് നേരിട്ടും 15,000 ലധികം പേർക്ക് പരോക്ഷമായും ജോലി ലഭിക്കും.
Post Your Comments