ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിയായ കാമുകനുമായി ഒളിച്ചോടിയ ഇംഗ്ലീഷ് അധ്യാപികയെ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഹെപ്‌സിബ(32)യാണ് അറസ്റ്റിലായത്. യുവതി പതിനേഴുകാരനുമായി പ്രണയത്തിലായിട്ട് കുറച്ചുകാലമായി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
ചെന്നൈ സ്വദേശിനിയായ യുവതി നേരത്തേ വിവാഹം കഴിച്ചിരുന്നെങ്കിലും നാലു വർഷം മുമ്പ് ഭർത്താവുമായി വേർപിരിഞ്ഞു. അതിന് ശേഷമാണ് യുവതി തന്റെ വിദ്യാർത്ഥിയായ കൗമാരക്കാരനുമായി പ്രണയത്തിലായത്. അതേസമയം, താൻ ബാലനുമായി വിനോദ യാത്രക്ക് വന്നതാണെന്നാണ് പൊലീസ് പിടികൂടിയപ്പോൾ യുവതി പറഞ്ഞത്. എന്നാൽ, യുവതിയേയും കൗമാരക്കാരനെയും പൊലീസ് മെഡിക്കൽ പരിശോധനക്ക് വിധേയരാക്കിയ ശേഷമാണ് യുവതിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
പതിനേഴുകാരനെ യുവതി ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.താൻ പഠിപ്പിക്കുന്ന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായി ഹെപ്‌സിബ അടുപ്പത്തിലാവുകയും അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ചൊവ്വാഴ്ച്ചയാണ് യുവതി തന്റെ കൗമാരക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയത്. അന്നു രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥി വൈകിട്ടായിട്ടും തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാർ സ്കൂളിലെത്തി അന്വേഷിച്ചപ്പോൾ അന്നേ ദിവസം അവിടെ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു.
തുടർന്ന്, വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അധ്യാപികയായ ഹെപ്‌സിബയും ചൊവ്വാഴ്ച സ്കൂളിൽ വന്നിട്ടില്ലെന്ന് കണ്ടെത്തി. പിന്നീടാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും പൊലീസിനും വീട്ടുകാർക്കും മനസിലായത്. ഇരുവരുടെയും മൊബൈൽ നെറ്റ്‌വർക്കുകൾ പരിശോധിച്ചപ്പോൾ കോയമ്പത്തൂരിലെ കാരമടയിലാണ് ഇവർ ഉള്ളതെന്ന് കണ്ടെത്തി. തുടർന്ന് ഇവിടെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Leave a Comment