KeralaLatest NewsNews

ഐടിയിലും അനുബന്ധ മേഖലകളിലുമായി അഞ്ചു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടിയിലും അനുബന്ധ മേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തു നിന്നുള്ള ഐടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തിൽ നിന്നാകണം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനം പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക് ഹാർഡ്വെയർ ടെക്‌നോളജി ഹബ്, എമർജിംഗ് ടെക്‌നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കടയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Read Also: പിണറായി സര്‍ക്കാരിനെ പിടിച്ച് താഴെയിടും എന്ന് പറയുന്നവരോട്, 1959 അല്ല 2023 എന്നോര്‍ക്കണം

ഇന്ത്യാ സ്‌കിൽസ് റിപ്പോർട്ട് 2024-ൽ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതാണ് കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടും തിരുവനന്തപുരം നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 18 മുതൽ 21 വയസു പ്രായപരിധിയുള്ളവരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്. കമ്പ്യൂട്ടർ സ്‌കിൽസിൽ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തും, നഗരങ്ങളിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്തുമാണ്. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയ നാഷണൽ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമർശനാത്മക ചിന്ത എന്നീ നൈപുണികളിൽ കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങൾ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. നൈപുണ്യ പരിശീലനത്തിലും വികസനത്തിലും സർക്കാർ തലത്തിൽ മികച്ച പദ്ധതികളാണ് കേരളത്തിൽ നടന്നു വരുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഈ മാറ്റം സംസ്ഥാനത്തെ ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഐടി മേഖലയിൽ 2011 – 16 കാലയളവിൽ 26000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ 2016 – 23 കാലയളവിൽ 62000 തൊഴിലവസരങ്ങളാണുണ്ടായത്. 2016-ൽ 78,068 പേരാണ് സർക്കാർ ഐടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നതെങ്കിൽ ഇന്നത് 1,35,288 ആയി ഉയർന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

2016-നുശേഷം ഐടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2011 – 16 കാലയലളവിൽ 34,123 കോടി രൂപയുടെ ഐടി കയറ്റുമതിയാണു നടന്നതെങ്കിൽ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 85,540 കോടി രൂപയായി ഉയർന്നു. 575,000 ചതുരശ്ര അടി ഉണ്ടായിരുന്ന ഐടി സ്‌പേയ്‌സ് 7,344,527 ചതുരശ്ര അടിയായി വർദ്ധിച്ചു. ഐടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 640-ൽ നിന്നും 2022 ആയപ്പോൾ 1,106 ആയി. കഴിഞ്ഞ ഏഴു വർഷംകൊണ്ട് 75 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസ് സൃഷ്ടിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തു വൻകിട ഐടി കമ്പനികൾ നിക്ഷേപം നടത്തുകയാണ്. കൊച്ചി ഇൻഫോപാർക്കിലെ ഐബിഎം സോഫ്റ്റ് വെയർ ലാബിൽ മാത്രം ഒരു വർഷം കൊണ്ട് 1000 ഓളം ആളുകൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്‌സിയുമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ധാരണാപത്രം ഒപ്പിട്ടു. എട്ടു മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബിൽഡിംഗ് കൈമാറി. ഇവിടെ ഇപ്പോൾ ഏകദേശം 3500 എഞ്ചിനീയർമാർ ജോലി ചെയ്യുന്നു. വിപുലീകരണത്തിന്റെ ഭാഗമായി അവർ കിൻഫ്രയിൽ തന്നെ പുതുതായി രണ്ടു ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ പുതിയ ഐടി നയത്തിന് രൂപം നൽകുകയും ജനങ്ങളുടെ അഭിപ്രായങ്ങൾക്കായി അതു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കൊച്ചി ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിന്റെ ഒന്നര ലക്ഷം ചതുരശ്ര അടി വരുന്ന ഐടി സ്‌പേസ് നിർമ്മാണം പുരോഗമിക്കുന്നു. ഇവിടെ ആയിരത്തിലധികം ആളുകൾക്ക് തൊഴിൽ ലഭ്യമാകും. ഇൻഫോപാർക്ക് കൊച്ചി മെട്രോ റെയിൽ കോമ്പൗണ്ടിൽ 500 ൽ അധികം പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന സ്‌പേയ്‌സ് നിർമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: തുടർച്ചയായ രണ്ടാം നാളിലും മുന്നേറ്റം തുടർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിലേറി വ്യാപാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button