വാകേരി: വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിൽ നീരീക്ഷണത്തിൽ കഴിയുകയാണ്. മുഖത്തേറ്റ ആഴത്തിലുള്ള മുറിവ് വെല്ലുവിളിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റതായാണ് സൂചന. പത്ത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്.
വയനാട്ടിൽ പ്രജീഷ് എന്ന യുവാവിനെ കൊന്ന് തിന്ന കടുവയ്ക്ക് ദിവസം ആറ് കിലോ ഭീഫ് ആണ് ഭക്ഷണമായി നൽകുന്നത്. ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയാണിത്. നാൽപ്പത് മുതൽ അറുപത് ദിവസം വരെയാണ് ക്വറന്റീൻ. പാർക്കിലെ തുറസായ സ്ഥലത്താണ് നിലവിൽ ഈ കടുവ കഴിയുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ് പ്രായമുള്ള ആൺ കടുവയാണ് ഇത്. യുവാവ് കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തിൽ വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം വാകേരി കല്ലൂർക്കുന്നിൽ പശുവിനെ കൊന്നതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ മൂന്നാനക്കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്ന് ഭക്ഷിച്ചത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല്‍ വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Post Your Comments