ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനിടെ നിതീഷിന്റെ ഹിന്ദി പ്രസംഗത്തിന്റെ തര്‍ജ്ജമ ആവശ്യപ്പെട്ട ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ) നേതാവ് ടി.ആര്‍. ബാലുവിനോട് ഹിന്ദി പഠിക്കാനാവശ്യപ്പെട്ട് ജനതാദള്‍ മുതിര്‍ന്ന നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചൊവ്വാഴ്ച നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിനിടെയാണ് നിതീഷ് കുമാര്‍ ഡിഎംകെ നേതാവിനോട് കയര്‍ത്തത്.
യോഗത്തെ അഭിസംബോധന ചെയ്ത് നിതീഷ് കുമാര്‍ സംസാരിക്കുമ്പോള്‍ ടി.ആര്‍. ബാലുവിനെ കൂടാതെ ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും അവിടെയുണ്ടായിരുന്നു. നിതീഷിന്റെ ഹിന്ദിയിലുള്ള പ്രസംഗം മനസിലാകാതെയിരുന്ന ടി. ആര്‍. ബാലു എതിര്‍വശത്തിരുന്ന രാഷ്ട്രീയ ജനതാദള്‍ നേതാവും രാജ്യസഭാ എംപിയുമായ മനോജ് കെ.ഝായോട് പ്രസംഗം തര്‍ജ്ജമ ചെയ്യാമോയെന്ന് ആംഗ്യം കാണിച്ച് ചോദിച്ചു.
മനോജ് കെ.ഝാ ഉടനെ തന്നെ നിതീഷിനോട് അക്കാര്യത്തില്‍ അനുമതി തേടി. എന്നാല്‍ നിതീഷ് കുമാര്‍ തര്‍ജ്ജമ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി. “നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാന്‍ എന്നാണ് നാം വിളിക്കുന്നത്, ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്. ആ ഭാഷ നാം അറിഞ്ഞിരിക്കണം”, നിതീഷ് പറഞ്ഞു. എന്നാൽ ‘ഹിന്ദി തെരിയാത് പോടാ’ എന്ന ടാഗ് ലൈൻ പോലും സോഷ്യൽ മീഡിയയിൽ വൈറലാക്കിയതാണ് ഡിഎംകെ. എന്നാലിപ്പോൾ നിതീഷ് കുമാർ ഇത് പറഞ്ഞിട്ട് സ്റ്റാലിൻ പോലും പ്രതികരിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഹിന്ദി സംസാരിക്കേണ്ടതില്ല എന്നതാണ് ഡിഎംകെയുടെ തമിഴ്‌നാട്ടിലെ തീരുമാനം.
Post Your Comments