തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ട ഈ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്. സമരത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിച്ചു നിന്ന് സമരം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലുള്ള സംഘര്‍ഷം ഡിസിസി മുന്നിലേക്കും വ്യാപിച്ചിരുന്നു.
അതിനിടെ, യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്തെത്തി. കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ ആസൂത്രിത നീക്കമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് ഇതിന്റെ മുഖ്യ സൂത്രധാരനെന്നുമാണ് മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്റണി രാജുവും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Post Your Comments