കൊല്ലം: പൂർണ വളർച്ചയെത്തിയ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ മാതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുത്തൂർ കാരിക്കൽ കൊല്ലരഴികത്ത് വീട്ടിൽ അമ്പിളി(29)ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട നവജാതശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കുറ്റത്തിന് ഒരു വർഷം കഠിനതടവിന് കൂടി ശിക്ഷിച്ചിട്ടുണ്ട്. ഭർത്താവായ മഹേഷിനെ വെറുതെ വിട്ടു.
2018 ഏപ്രിൽ 17-നാണ് കൊല്ലം പവിത്രേശ്വരം ഗുരുനാഥൻനട ക്ഷേത്രത്തിന് സമീപം പാങ്ങോട്ട് പുരയിടത്തിൽ തെരുവുനായ്ക്കൾ കടിച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ മുറിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു. പ്രദേശവാസികളുടെയും ആശാവർക്കറുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അമ്പിളിയും ഭർത്താവ് മഹേഷും അറസ്റ്റിലായത്.
പ്രോസിക്യൂഷന് സഹായിയായി പ്രവർത്തിച്ചത് വനിത സി.പി.ഒ ദീപ്തി ആയിരുന്നു. പുത്തൂർ എസ്.ഐ ആയിരുന്ന ഡി. ദീപു രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസിൽ തുടർന്ന്, അന്വേഷണചുമതല സ്റ്റേഷൻ ഇൻസ്പെക്ടർമാരായ ഒ.എ. സുനിൽകുമാർ, ആർ. രതീഷ് കുമാർ, ടി. വിജയകുമാർ എന്നിവർക്കായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
Post Your Comments