എയർലൈനുകൾക്ക് അനിവാര്യമായ ഏറ്റവും മികച്ച ക്വാളിറ്റിയിൽ ഒന്നാണ് കൃത്യസമയം. വൈകിയുള്ള സർവീസുകളും, റദ്ദാക്കലുകളും പലപ്പോഴും ഉപഭോക്തൃ സേവനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇപ്പോഴിതാ എയർലൈനുകളുടെ കൃത്യനിഷ്ഠതയെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. കൃത്യസമയം പാലിക്കുന്നതിൽ ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആകാശ എയറാണ്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ എയർലൈനുകളെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ എയർലൈനായ ആകാശ എയറിന്റെ മുന്നേറ്റം. വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2023 നവംബറിൽ സർവീസുകളിൽ 78.2 ശതമാനം കൃത്യത പാലിച്ചാണ് ആകാശ എയർ ഒന്നാമത് എത്തിയത്. 77.5 ശതമാനം കൃത്യതയോടെ ഇൻഡിഗോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നാല് വിമാനത്താവളങ്ങളിലേക്കുള്ള സർവീസ്, വരവ്, പുറപ്പെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് എയർലൈനുകളുടെ കൃത്യത കണക്കാക്കിയിരിക്കുന്നത്. 72.8 ശതമാനം കൃത്യതയോടെ വിസ്താര മൂന്നാം സ്ഥാനവും, 62.5 ശതമാനം കൃത്യതയോടെ എയർ ഇന്ത്യ നാലാം സ്ഥാനവും നേടി. ഷെഡ്യൂൾ അനുസരിച്ച് വിമാന കമ്പനികൾ കൃത്യസമയത്ത് പുറപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓൺ-ടൈം പെർഫോമൻസ് അളക്കുന്നത്. ഷെഡ്യൂൾ ചെയ്ത എത്തിച്ചേരൽ സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തുമ്പോഴോ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ പുറപ്പെടുമ്പോഴോ ആണ് ഒരു ഫ്ലൈറ്റ് കൃത്യസമയം പാലിച്ചതായി കണക്കാക്കുന്നത്.
Also Read: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Post Your Comments