തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകള്‍ രാജ്യത്ത് 1828 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 1634 കേസുകളുണ്ട്.
Read Also: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു, അറിയാം ഇന്നത്തെ നിരക്കുകൾ
കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍. വണ്‍. സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.
ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളുമായി നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും.
ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുക.
ഒമിക്രോണ്‍ വകഭേദം പടരുമ്പോള്‍ തന്നെ കൂടുതല്‍ വകഭേദങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോടകം പല രാജ്യങ്ങളും ജനങ്ങള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുന്നറിയിപ്പ് നല്കി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവര്‍ ഒട്ടും വൈകാതെ പരിശോധനയ്ക്ക്
വിധേയരാവുക, തുടങ്ങി നേരത്തെ നാം ശീലിച്ച മുന്‍കരുതലുകള്‍ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്.
Post Your Comments