തിരുവനന്തപുരം: സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതി പാതിവഴിയിൽ. കുടിശ്ശിക കിട്ടാതെ കരാറുകാർ മുഖം തിരിച്ചതോടെയാണ് പദ്ധതിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായിരിക്കുന്നത്. പദ്ധതിയുടെ കാലാവധി തീരാൻ ഇനി മൂന്നര മാസം മാത്രം ബാക്കിനിൽക്കെ 25 ഓളം പദ്ധതികൾക്ക് ഇതുവരെ ടെൻഡർ പോലും ലഭിച്ചിട്ടില്ല. ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ കുടിശ്ശികയായി കരാറുകാർക്ക് നൽകാനുള്ളത് 1,450 കോടി രൂപയാണ്. ഇത് സമയബന്ധിതമായി നൽകണമെന്ന് കരാറുകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ ഗഡു ലഭിക്കുന്ന മുറയ്ക്കാണ് സംസ്ഥാന വിഹിതവും അനുവദിക്കുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ തുക അനുവദിച്ചാലും സംസ്ഥാന വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് കരാറുകാരുടെ പരാതി.
2019-ലാണ് കേന്ദ്രസർക്കാർ ജലജീവന്‍ മിഷൻ പദ്ധതിക്ക് തുടക്കമിടുന്നത്. എന്നാൽ, ഏതാണ്ട് ഒരു വർഷം വൈകിയാണ് കേരളത്തിൽ ഈ പദ്ധതി തുടങ്ങിയത്. 40,000 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പാക്കിയിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഒരു പദ്ധതികൾ പോലും പൂർത്തീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കാലാവധി അവസാനിക്കാനിരിക്കെ സംസ്ഥാനത്തുടനീളം 53 ശതമാനം പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ജലജീവൻ മിഷൻ നടത്തിപ്പിൽ കേരളം രാജ്യത്ത് മുപ്പതാം സ്ഥാനത്താണ്. പദ്ധതി പ്രകാരം, 2024 മാർച്ചിനകം 34.10 ലക്ഷം വീടുകൾക്ക് കൂടി കുടിവെള്ള കണക്ഷൻ എത്തിക്കേണ്ടതുണ്ട്. പദ്ധതിയുടെ 45 ശതമാനം വിഹിതം കേന്ദ്രസർക്കാരും, 30 ശതമാനം സംസ്ഥാനവും, 15 ശതമാനം പഞ്ചായത്തും, 10 ശതമാനം ഗുണഭോക്താവുമാണ് വഹിക്കുന്നത്.
Also Read: സംസ്ഥാനത്ത് വീണ്ടും ഭീതി പടർത്തി കോവിഡ്, പോസിറ്റീവ് കേസുകളുടെ എണ്ണം ആയിരത്തിന് മുകളിൽ
Post Your Comments