മണ്ണാർക്കാട്: ഗൃഹനാഥൻ ചവിട്ടേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് 14 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാൽകുളമ്പ് പ്ലാപ്പിള്ളിയിൽ ജോണിനെ(64)യാണ് കോടതി ശിക്ഷിച്ചത്. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി ജോമോൻ ജോൺ ആണ് ശിക്ഷ വിധിച്ചത്. വടക്കഞ്ചേരി കണ്ണച്ചിപരുത വേലായുധൻ(57) കൊല്ലപ്പെട്ട കേസിൽ ആണ് ശിക്ഷ വിധിച്ചത്.
പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം ഏഴുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
Read Also : ‘ശബരിമലയിൽ പണ്ടും ആളുകൾ മരിച്ചിട്ടുണ്ടല്ലോ, ഇനി ആ ദുരന്തം ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്…’: മുരളി തുമ്മാരുകുടി
വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ഒക്ടോബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വേലായുധന്റെ വീട്ടുവളപ്പിലെ മരം ജോണിക്ക് കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദന കാരണം. കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന വേലായുധനെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വേലായുധൻ മരണപ്പെട്ടത്.
പിഴ അടക്കാത്തപക്ഷം ഒരു വർഷംകൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്ന് കൊല്ലപ്പെട്ട വേലായുധന്റെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി. ജയൻ, അഡ്വ.കെ. ദീപ എന്നിവർ ഹാജരായി.
Post Your Comments