മുക്കം: നഗരസഭയിലെ നീലേശ്വരം പെട്രോൾ പമ്പിൽ ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. കവർച്ച നടത്താൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറാണ് കണ്ടെത്തിയത്. പ്രതികൾ വാടകക്കെടുത്തതായിരുന്നു ഈ കാർ.
മലപ്പുറം പെരിന്തൽമണ്ണ രാമപുരത്തെ കാർ ഉടമയുടെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ പ്രതിയായ വയനാട് സ്വദേശി അൻസാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കാറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കേസിലെ പ്രധാന തെളിവാണ് മോഷണത്തിന് ഉപയോഗിച്ച കാർ.
Read Also : മഥുര കൃഷ്ണ ജന്മഭൂമി ഭൂമി കേസ്: മസ്ജിദ് സർവേ താൽക്കാലികമായി നിർത്തിവയ്ക്കില്ലെന്ന് സുപ്രീം കോടതി
മോഷണ സമയത്ത് വ്യാജ തമിഴ്നാട് രജിസ്ട്രേഷൻ നമ്പറായിരുന്നു പ്രതികൾ ഉപയോഗിച്ചിരുന്നത്. നവംബർ 17-ന് പുലർച്ച 1.15 ഓടെയാണ് നീലേശ്വരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ തമിഴ്നാട് രജിസ്ട്രേഷൻ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിലെത്തി നാലംഗ സംഘം കവർച്ച നടത്തിയത്.
പെട്രോൾ അടിച്ച സംഘം കാർ പമ്പിന് പുറത്തുനിർത്തിയ ശേഷം നടന്നുവന്ന് ജീവനക്കാരന്റെ മുഖത്തു മുളകുപൊടി എറിയുകയും ശേഷം ഒരാൾ ഉടുമുണ്ട് അഴിച്ചെടുത്ത് ജീവനക്കാരന്റെ തലയിൽ കെട്ടി കൈയിലുണ്ടായിരുന്ന 3,000 രൂപ കവർച്ച ചെയ്യുകയുമായിരുന്നു.
പ്രതികളായ വയനാട് കാവുംമന്ദം ചെന്നിലോട് അൻസാർ, മലപ്പുറം മങ്കട സാബിത് അലി, നിലമ്പൂർ കരുളായി അനൂപ്, പ്രായപൂർത്തിയാവാത്ത മറ്റൊരാൾ എന്നിവരെ മുക്കം പൊലീസ് പിടികൂടിയിരുന്നു.
Post Your Comments