മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. ചിത്രത്തിന്റെ പ്രൊമോഷനിടെ മോഹൻലാൽ തന്റെ ആത്മീയ വഴിയെ കുറിച്ചും മനസ് തുറന്നിരുന്നു. ചെറുപ്പം മുതൽ താൻ ആത്മീയതയിൽ താല്പര്യമുള്ള ആളാണെന്നും ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ചിലപ്പോൾ പൂർണമായും ആത്മീയതയിലേക്ക് താൻ പോവുമെന്നുമാണ് മോഹൻലാൽ പറയുന്നത്. ഇന്ത്യ ടുഡേയോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘ആത്മീതയുമായി ബന്ധമുള്ള കാര്യങ്ങളിൽ എനിക്ക് താല്പര്യമുണ്ട്. കുറച്ച് നാൾ കഴിഞ്ഞ് തന്റെ ജീവിതം ആത്മീയതയ്ക്ക് വേണ്ടി മാറ്റിവെക്കുമോ എന്ന് അറിയില്ല. എന്റെ ഒരുപാട് സുഹൃത്തുക്കൾ ആത്മീയമായി ചിന്തിക്കുന്നവരാണ്. എല്ലാ രീതിയിലും ചിന്തിക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്. വളരെ അധികം സ്പിരിച്വൽ രീതിയിൽ ചിന്തിക്കുന്നവരുണ്ട്. അവരുമായിട്ടും ഞാൻ യാത്രകൾ ചെയ്യറുണ്ട്. ഇത് ഇപ്പോൾ മുതൽ ഉണ്ടായതല്ല. കുഞ്ഞുനാൾ മുതൽ സ്പിരിച്വൽ രീതിയൽ ചിന്തിക്കുന്ന നിരവധി സൗഹൃദങ്ങൾ എനിക്കുണ്ട്. ഒരുപക്ഷേ, അതൊക്കെ ആയിരിക്കാം എന്നിലേക്ക് ഇത്തരത്തിലുള്ള വാസനകൾ കൊണ്ടു വന്നത്. എല്ലാവരും ഞാൻ ആരാണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഞാനും ആ രീതിയിലുള്ള അന്വേഷണത്തിലാണ്.
കുറച്ചും കൂടി കഴിഞ്ഞ് പൂർണമായും ആത്മീയതയിലേക്ക് ആകുമോ എന്ന സാധ്യത തള്ളിക്കളയാൻ പറ്റില്ല. അതിന് വേണ്ടി ഞാൻ ശ്രമിക്കുന്നില്ല. നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല, നമ്മുടെ ജീവിതത്തിന്റെ പോക്ക് എങ്ങോട്ട് ആണെന്ന്, അത് അറിഞ്ഞാൽ അതിന്റെ രസവും പോകും. അതിലേക്ക് മന:പൂർവ്വം പോകില്ല. ആത്മീയത എന്ന വിഷയത്തിൽ എനിക്ക് വളരെ അധികം താത്പര്യമുണ്ട്. തത്കാലം കുറച്ച് നാളത്തേക്ക് പൂർണമായും ആത്മീയതയിലേക്ക് പോകാൻ സാധ്യതയില്ല. ചിലപ്പോൾ സംഭവിക്കാം’, മോഹൻലാൽ പറഞ്ഞു.
Post Your Comments