തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളില്‍ ചര്‍മ്മപരിപാലനത്തിനൊന്നും സമയം കണ്ടെത്താൻ മിക്കവര്‍ക്കും കഴിയാറില്ലെന്നത് ഒരു സത്യമാണ്. പരമാവധി ആഴ്ചയിലൊരിക്കലൊരു ഫെയ്സ് പാക്ക്, സ്ക്രബ്ബ് ഇത്രയുമൊക്കെയാണ് പലരുടെയും സ്കിൻ കെയര്‍.
ഇങ്ങനെ അലസമായി തുടരുന്നതിനിടെ ആയിരിക്കും അടുത്ത സുഹൃത്തുക്കളുടെയോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളുടെയോ വീട്ടിലൊരു ചടങ്ങിന് ക്ഷണം കിട്ടുക. അപ്രതീക്ഷിതമായി ഇങ്ങനെ എന്തെങ്കിലുമൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതായി വരുമ്പോള്‍ അധികപേരുടെയും ആധി മുഖത്തെ കുറിച്ചുള്ളതായിരിക്കും.
എന്തായാലും ചുരുങ്ങിയ ദിവസം കൊണ്ട് നമുക്ക് പെട്ടെന്ന് മുഖത്തെ പ്രശ്നങ്ങള്‍ തീര്‍ക്കാൻ സാധിക്കില്ല. എങ്കിലും ചെറിയൊരു തിളക്കം മുഖത്ത് കൊണ്ടുവരുവാനും മുഖത്തെ സ്കിൻ പ്രശ്നങ്ങള്‍ ചെറിയ രീതിയിലെങ്കിലും പരിഹരിക്കാനും സഹായകമായിട്ടുള്ള ചില ഹെല്‍ത്തിയായ പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പതിവായി ഈ പാനീയങ്ങള്‍ കഴിക്കുന്നത് തീര്‍ച്ചയായും സ്കിന്നില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. അതോടൊപ്പം തന്നെ നല്ല ഭക്ഷണം കഴിക്കാനും, ധാരാളം വെള്ളം കുടിക്കാനും, സുഖകരമായ ഉറക്കം ഉറപ്പിക്കാനും, സ്ട്രെസ് അകറ്റിനിര്‍ത്താനും കൂടി ശ്രദ്ധിക്കണേ. അല്ലാത്തപക്ഷം ചെയ്യുന്ന ഒന്നിനും ഫലമില്ലാതെ പോകാം.
ചര്‍മ്മത്തിന് ഒരുപാട് ഗുണങ്ങളേകുന്ന രണ്ട് വിഭവങ്ങളാണ് നെല്ലിക്കയും ബീറ്റ്റൂട്ടും. ഇവ രണ്ടും ആന്‍റി-ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. ആന്‍റി-ഓക്സിഡന്‍റ്സ് ആണെങ്കില്‍ ചര്‍മ്മത്തിന് ഏറെ പ്രയോജനപ്രദമായ ഘടകമാണുതാനും. അതിനാല്‍ ബീറ്റ്റൂട്ടും നെല്ലിക്കയും ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കി കഴിക്കുന്നത് വളരെ നല്ലതാണ്.
ഗ്രീൻ ടീ, നമുക്കറിയാം ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ്. പ്രത്യേകിച്ച് ചര്‍മ്മത്തെ ഇത് വലിയ രീതിയില്‍ സ്വാധീനിക്കുന്നതാണ്. ആന്‍റി-ഓക്സിഡന്‍റ്സിനാല്‍ സമ്പന്നമാണ് ഗ്രീൻ ടീ. ഇതെക്കുറിച്ച് നേരത്തേ സൂചിപ്പിച്ചുവല്ലോ. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിലേല്‍പിക്കുന്ന പാടുകളും മങ്ങലുമെല്ലാം പരിഹരിക്കുന്നതിന് അടക്കം ആന്‍റി-ഓക്സിഡന്‍റ്സ് സഹായകമാണ്.
ചെറുനാരങ്ങ പിന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഭംഗിക്കും അവശ്യം വേണ്ട വൈറ്റമിൻ-സിയുടെ മികച്ച സ്രോതസാണ്. ഗ്രീൻ ടീയും ചെറുനാരങ്ങയും കൂടിയാകുമ്പോള്‍ ചര്‍മ്മത്തിന് എത്ര ഗുണകരമാകും എന്ന് പറയേണ്ടതില്ലല്ലോ. മറ്റ് അനാരോഗ്യകരമായ പാനീയങ്ങളും ഭക്ഷണങ്ങളുമെല്ലാം നിയന്ത്രിച്ച് ഇവയെല്ലാം കഴിക്കുന്നതിലൂടെ കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ചര്‍മ്മത്തില്‍ മാറ്റം കാണാം.
യോഗര്‍ട്ട് പ്രധാനമായും നമ്മുടെ വയറിന്‍റെ ആരോഗ്യമാണ് മെച്ചപ്പെടുത്തുക. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുന്നത് ചര്‍മ്മത്തെയും വലിയ രീതിയില്‍ സ്വാധീനിക്കും. യോഗര്‍ട്ടിനൊപ്പം ബെറികളാണ് ഈ സ്മൂത്തിയില്‍ ചേര്‍ക്കുന്നത്. സീസണലായി കിട്ടുന്ന ബെറികളെല്ലാം ചേര്‍ക്കാം. ബെറികളില്‍ ഏറെയും ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ചര്‍മ്മത്തിന് പ്രയോജനമുള്ളതായി വരുന്നത്. തേനും ചര്‍മ്മത്തിന് വളരെ നല്ലതാണ്. മുഖക്കുരു, ചെറിയ പാടുകള്‍ വീഴുന്നത്, അണുബാധ എല്ലാം ചെറുക്കുന്നതിന് തേൻ സഹായിക്കുന്നു. ഇവ മൂന്നും കൂടി ചേര്‍ത്തുള്ള സ്മൂത്തിയും സ്കിൻ തിളങ്ങാൻ പതിവായി കഴിക്കാവുന്നതാണ്.
Post Your Comments