Life Style

ഹൃദയസ്തംഭനം, പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്കും അമിതമായ വ്യായാമം നയിക്കാം

അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ വര്‍ക്ക് ഔട്ടും അധികമായി ചെയ്താല്‍ ശരീരത്തിന് ഹാനീകരമാണ്. പേശിവേദനയ്ക്കും പുറം വേദനയ്ക്കും പുറമേ ഹൃദയസ്തംഭനം, പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്കും അമിതമായ വ്യായാമം നയിക്കാം.

വ്യായാമം ചെയ്യുമ്പോള്‍ ഹൃദയാഘാതമോ പക്ഷാഘാതമോ വരുന്നതിന് മുന്‍പ് ചില സൂചനകള്‍ ശരീരം നമുക്ക് നല്‍കാറുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

1. നെഞ്ചിന് അസ്വസ്ഥത

പെട്ടെന്നുണ്ടാകുന്ന നെഞ്ച് വേദന, നെഞ്ചിന് വിശദീകരിക്കാനാവാത്ത അസ്വസ്ഥത എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനകളാണ്. ആദ്യം ചെറിയ അസ്വസ്ഥതയില്‍ തുടങ്ങി താങ്ങാനാകാത്ത സമ്മര്‍ദ്ദം നെഞ്ചിന് അനുഭവപ്പെടാം. നെഞ്ചിന് നടുവില്‍ എന്തോ തിങ്ങി നില്‍ക്കുന്നത് പോലെയും തോന്നാം. ചിലപ്പോള്‍ ഇത് നേരിയ തോതില്‍ വന്ന് പെട്ടെന്ന് മാറാം. ഈ ലക്ഷണം അനുഭവപ്പെട്ടാല്‍ ഉടനെ വ്യായാമം നിര്‍ത്തി വയ്‌ക്കേണ്ടതാണ്. ലക്ഷണങ്ങള്‍ ഏതാനും മിനിറ്റില്‍ കൂടുതല്‍ നീണ്ടുനിന്നാല്‍ ഉടനടി വൈദ്യസഹായവും തേടണം.

2. ശ്വസിക്കാന്‍ ബുദ്ധിമുട്ട്

വ്യായാമം ചെയ്യുമ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനൊപ്പം നെഞ്ചിനു വേദനയും തോന്നിയാല്‍ സൂക്ഷിക്കണം. ഇതും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാണ്. ചിലപ്പോള്‍ വേദന ഇല്ലാതെയും ശ്വാസംമുട്ടല്‍ വരാം.

3. തലകറക്കം
തലയ്ക്ക് ഭാരം കുറഞ്ഞതു പോലെയും തല കറങ്ങുന്നത് പോലെയും തോന്നിയാലും ഒന്ന് കരുതിയിരിക്കുക. ചിലപ്പോള്‍ ആഹാരം ശരിയായി കഴിക്കാത്തതിനാലും ഇത്തരത്തില്‍ വരാമെങ്കിലും ഈ ലക്ഷണത്തെ നിസ്സാരമായി അവഗണിക്കരുത്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വ്യായാമം നിര്‍ത്തിവയ്‌ക്കേണ്ടതാണ്.

4. താളം തെറ്റിയ ഹൃദയമിടിപ്പ്

അസാധാരണമായ തോതിലുള്ള ഹൃദയമിടിപ്പും കരുതിയിരിക്കേണ്ട ലക്ഷണമാണ്. ഇതും ശ്രദ്ധില്‍പ്പെട്ടാല്‍ വ്യായാമം നിര്‍ത്തിവയ്ക്കണം.

5. അമിതമായ വിയര്‍പ്പ്

വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ക്കുന്നത് സാധാരണം തന്നെ. എന്നാല്‍ അമിതമായ വിയര്‍പ്പിനൊപ്പം മനംമറിച്ചിലും അനുഭവപ്പെട്ടാല്‍ ഇത് എന്തോ പ്രശ്‌നമുള്ളതിന്റെ സൂചനയായി കണക്കാക്കണം.

6. കഴുത്തിലും പുറത്തും താടിയിലും വേദന

കഴുത്തിലും പുറത്തിലും താടിയിലും പെട്ടെന്ന് ഉണ്ടാകുന്ന മാറാത്ത വേദനയും വ്യായാമ സമയത്ത് അവഗണിക്കരുത്. വ്യായാമം നിര്‍ത്തിവച്ച് വൈദ്യ സഹായം തേടേണ്ടതാണ്.

7. അമിതമായ ക്ഷീണം

വ്യായാമം ചെയ്യുമ്പോള്‍ അത്യധികമായ ക്ഷീണം തോന്നുന്നതും ശുഭസൂചകമല്ല. ഇതും ഹൃദ്രോഗലക്ഷണമാകാം.

ഹൃദയപ്രശ്‌നമുള്ളവരും ഹൃദ്രോഗ ചരിത്രം കുടുംബത്തിലുള്ളവരും ജിമ്മിലൊക്കെ പോയി അമിതമായി വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത് നന്നായിരിക്കുമെന്ന് ദഹെല്‍ത്ത്‌സൈറ്റ്.കോമില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യായാമത്തിനൊപ്പം പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരേണ്ടതും പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടതുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button