അന്തിക്കാട്: പെരിങ്ങോട്ടുകര കരുവാംകുളത്ത് നടത്തിയ വ്യാജമദ്യവേട്ടയിൽ 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി. കോട്ടയം സ്വദേശി കെ.വി. റജി, ഇരിങ്ങാലക്കുട സ്വദേശി അനൂപ് കുമാർ, തൃശൂർ കല്ലൂർ സ്വദേശി സെറിൻ ടി. മാത്യു, കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ. ഗോമസ്, കോട്ടയം സ്വദേശി റോബിൻ, ചിറക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമീഷണർ സ്ക്വാഡ്, തൃശൂർ സർക്കിൾ, ചേർപ്പ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കരുവാംകുളത്ത് പ്രവർത്തിക്കുന്ന എറാത്ത് റസ്റ്റാറന്റ് കേന്ദ്രീകരിച്ചാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. ഹോട്ടലിന് പിറകിൽ രണ്ട് കാറുകളിൽ നിന്നാണ് 16 കെയ്സ് വിദേശമദ്യം കണ്ടെത്തിയത്. 33 ലിറ്ററിന്റെ 12 കന്നാസും 23 ലിറ്ററിന്റെ 20 ബോട്ടിലും അര ലിറ്ററിന്റെ 432 കുപ്പിയുമാണ് പിടികൂടിയത്.
Read Also : എസ്ബിഐ അക്കൗണ്ട് ഉടമകളാണോ? ബാലൻസ് പരിശോധിക്കാനുള്ള ഈ എളുപ്പവഴികൾ അറിഞ്ഞോളൂ..
അറസ്റ്റിലായ അനൂപ് കുമാർ ഡോക്ടറും സിനിമപ്രവർത്തകനുമാണെന്ന് പറയുന്നു. ഇവരിൽ നിന്ന് നിരവധി വ്യാജ ഐ.ഡി കാർഡുകളും എയർ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം എവിടെ നിന്നാണ് എത്തിച്ചതെന്നും മറ്റുമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സി.ഐ അശോക് കുമാർ, ഇൻസ്പെക്ടർ മുരുകദാസ്, കമീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹരീഷ്, പ്രിവന്റിവ് ഓഫീസർ സജീവ്, മോഹനൻ, കൃഷ്ണപ്രസാദ്, സുധീർ കുമാർ, സിജോമോൻ, ടി.ആർ. സുനിൽകുമാർ, അനീഷ്, വിശാൽ, സനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments