പാലക്കാട്: നവകേരള യാത്രയെ വിമര്‍ശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത് പൊലീസ്. സിപിഎം നേതാക്കളുടെ പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒകെ ഫാറൂഖിനെതിരെയാണ് തൃത്താല പൊലീസ് കേസെടുത്തത്.
നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രത്തോടപ്പം ‘ആലിബാബയും 41 കള്ളന്‍മാരും’ എന്ന തലക്കെട്ടിലുള്ള പോസ്റ്റാണ് കേസിനാധാരം. ‘നവകേരള സദസ്സില്‍ വന്‍ ജനക്കൂട്ടം: മുഖ്യമന്ത്രി, പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാന്‍ ജനം കൂടുന്നത് സ്വാഭാവികം’ എന്നും ഫാറൂഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ബോധപൂര്‍വം കള്ളന്‍മാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായി സിപിഎം നേതാക്കളുടെ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനു പിന്നാലെ, തൃത്താല പൊലീസ് ഫാറൂഖിനെ വിളിച്ച് വിശദമായ മൊഴി രേഖപ്പെടുത്തുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അതേസമയം, കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഫാറൂഖും യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കി.
Post Your Comments