ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ. രാജ്യാന്തര വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയ ശേഷമാണ് സുരക്ഷാ പരിശോധന നടത്തേണ്ടതെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. നിഷ്പക്ഷമായ അന്വേഷണത്തിന് മേൽനോട്ടസമിതി ചെയർമാൻ നിർദ്ദേശം നൽകണമെന്ന്, ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ്, അഭിഭാഷകൻ ജി. പ്രകാശ് മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട വിഷയം 2024 ജനുവരിയിൽ സുപ്രീം കോടതി പരിഗണിച്ചേക്കും.
ഐക്യരാഷ്ട്രസഭയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവിയോൺമെന്റ് ആൻഡ് ഹെൽത്ത് എന്നീ റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആറ് ഡാമുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. ഏകദേശം 128 വർഷത്തെ പഴക്കമാണ് മുല്ലപ്പെരിയാർ ഡാമിന് ഉള്ളത്. ഈ വർഷം ന്യൂയോർക്ക് ടൈംസിൽ വന്ന റിപ്പോർട്ടിൽ, ലോകത്ത് ഭീഷണി നേരിടുന്ന ഡാമുകളിൽ ഒന്ന് മുല്ലപ്പെരിയാറാണ്. 2011-ലാണ് ഇതിനു മുൻപ് മുല്ലപ്പെരിയാറിന്റെ സുരക്ഷാ വിലയിരുത്തൽ നടന്നത്. 2022 ഏപ്രിൽ 8ന് സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തി സുപ്രീം കോടതി മേൽനോട്ടസമിതി പുനസംഘടിപ്പിച്ചിട്ടുണ്ടെങ്കിലും, ഒന്നര വർഷം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ നടപടയായിട്ടില്ല. തമിഴ്നാടിന് വെള്ളം നൽകുന്നതിലല്ല, സുരക്ഷയിലാണ് ആശങ്കയെന്ന് കേരളം അറിയിച്ചു.
Also Read: ബഹിരാകാശത്തെ ഊർജ്ജ ഉറവകൾ തേടി ഇന്ത്യ, എക്സ്പോസാറ്റ് ഈ മാസം വിക്ഷേപിക്കും
Post Your Comments