Latest NewsNewsIndia

വെള്ളം കുടിക്കുന്നിതിനിടെ തേനീച്ചയെ വിഴുങ്ങി; നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റു, യുവാവിന് ദാരുണാന്ത്യം

ഭോപ്പാല്‍: വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ബെറാസിയയില്‍ ആയിരുന്നു സംഭവം. യുവാവിന്റെ നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റു. ഉടനെ തന്നെ ശ്വാസ തടസം അനുഭവപ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിച്ച ശേഷം ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ ബെറാസിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരിച്ചയാളുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. ബെറാസിയയിലെ മന്‍പുറ ചക് ഗ്രാമത്തില്‍ താമസിക്കുന്ന ഹിരേന്ദ്ര സിങ് എന്ന 22 വയസുകാരനാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കര്‍ഷക തൊഴിലാളിയായിരുന്ന ഇയാള്‍ ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിച്ചപ്പോഴായിരുന്നു സംഭവം. ഗ്ലാസിലെ വെള്ളത്തില്‍ തേനീച്ചയുണ്ടായിരുന്നു. ഇത് യുവാവ് കണ്ടില്ല. വെള്ളം കുടിച്ചതിന് പിന്നാലെ ഇയാള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു.

അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ യുവാവിനെ ബെറാസിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഡോക്ടര്‍മാര്‍ ഹാമിദിയ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ബന്ധുക്കള്‍ ഉടനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍, ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. ചികിത്സയ്ക്കിടെ ഛര്‍ദിച്ചപ്പോള്‍ തേനീച്ച പുറത്തുവന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തേനീച്ച കുത്തിയതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസമാണ് യുവാവിന്റെ ജീവന്‍ നഷ്ടമാവുന്നതിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button