KeralaLatest NewsNews

കൊച്ചി മെട്രോ, വാട്ടർ മെട്രോ വികസനം അതിവേഗം പൂർത്തിയാക്കും: മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെയും വാട്ടർ മെട്രോയുടെയും വികസനം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസം കലൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: 17കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​: പ്രതി 27 വർഷത്തിനു ശേഷം പിടിയിൽ

എസ്എൻ ജംഗ്ഷനിൽ നിന്ന് അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ 12.5 ലക്ഷത്തിൽ അധികം ആളുകൾ ഉപയോഗിച്ചു.അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടർ മെട്രോ സർവീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. 1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം വലിയ തോതിൽ ടൂറിസം സാധ്യതകളെ വളർത്തും. കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ നടത്തുന്ന നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പദ്ധതികളുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഐബിഎം സോഫ്റ്റ് വെയറിന്റെ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്‌സ്) ദിനേശ് നിർമ്മൽ പറഞ്ഞത് കേരളത്തിലേയ്ക്ക് ഒരു റിവേഴ്‌സ് മൈഗ്രേഷൻ നടക്കുന്നുവെന്നാണ്. അതായത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎംലെ ജീവനക്കാർ കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇതാണ് കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ടു നാടിനുണ്ടായ മാറ്റം. വൻകിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങിൽ 15-ാം സ്ഥാനത്ത് ഇക്കാലയളവിൽ കേരളമെത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചി ഇൻഫോപാർക്കിൽ ഈയടുത്ത് ഉദ്ഘാടനം ചെയ്ത ഐബിഎം സോഫ്റ്റ് വെയർ ലാബിൽ മാത്രം ഒരു വർഷം കൊണ്ട് ആയിരത്തോളം ആളുകൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്‌സിയുമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ധാരണാപത്രം ഒപ്പിട്ടു. എട്ട് മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബിൽഡിംഗ് കൈമാറി. ഇവിടെ ഇപ്പോൾ ഏകദേശം 3500 എഞ്ചിനീയർമാർ ജോലി ചെയ്യുന്നു. വിപുലീകരണത്തിന്റെ ഭാഗമായി അവർ കിൻഫ്രയിൽ തന്നെ പുതുതായി രണ്ട് ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്. ടിസിഎസിനു കാക്കനാട് കിൻഫ്രയുടെ 36 ഏക്കർ കൈമാറി. ഇവിടെ അവരുടെ ഇന്നോവേഷൻ ക്യാമ്പസിന്റെ ആദ്യഘട്ടം പൂർത്തിയയാവുമ്പോൾ 5000 എഞ്ചിനീയർമാർക്കും രണ്ടാം ഘട്ടം പൂർത്തിയാവുമ്പോൾ 10,000 പേർക്കും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരിയിൽ കിൻഫ്രയുടെ 30 ഏക്കറിൽ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ അടങ്ങുന്ന നെക്സ്റ്റ് ഹൈടെക്ക് പാർക്ക് പ്രവർത്തനമാരംഭിച്ചു. പദ്ധതി പൂർണമാകുന്നതോടെ 4000 പേർക്ക് ജോലി ലഭിക്കും. ലുലു ഫുഡ് പ്രോസസ്സിംഗ് ആലപ്പുഴയിൽ അരൂരിൽ 150 കോടി രൂപയുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കളമശ്ശേരിയിൽ കിൻഫ്രയുടെ 10 ഏക്കറിൽ പൂർത്തിയാവുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകും: കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button