‘ഗ്യാസ് തുറന്നുവിട്ടു, ജനൽച്ചില്ലുകൾ പൊട്ടിച്ചു’; ബന്ധുവീട്ടിൽ പരാക്രമവുമായി ബാബു, അറസ്റ്റ്

പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു കാനിക്കുളത്തെ മലയാളികൾ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല. ബാബുവിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബന്ധു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജനൽച്ചില്ലുകൾ അടിച്ചുതകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് പരാക്രമം നടത്തിയത്. പാലക്കാട് കസബ പോലീസിൽ വീട്ടുകാർ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.

മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയപ്പോള്‍ രണ്ട് ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ജീവനോട് മല്ലിട്ട് വാർത്തകളിൽ നിറഞ്ഞയാളാണ് ബാബു. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു ബാബു എന്ന 23കാരനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്.

സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ബാബു മലകയറിയത്. എന്നാൽ, പാതിവഴിക്കിടെ ക്ഷീണം കാരണം സുഹൃത്തുക്കൾ തിരിച്ചിറങ്ങി. ബാബു മുന്നോട്ട് തന്നെ യാത്ര തുടർന്ന്. മാള കയറി അധികം ചെല്ലുന്നതിന് മുൻപ് കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീഴുകയും പാറയിടുക്കില്‍ കുടുങ്ങുകയും ചെയ്തു. മൊബൈല്‍ ഫോണില്‍ വീട്ടുകാരെയും കൂട്ടുകാരെയും താന്‍ കുടുങ്ങിയ കാര്യം ബാബു വിളിച്ചറിയിച്ചു. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കിയത് കാര്യങ്ങള്‍ അനുകൂലമാക്കി. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തുകയായിരുന്നു.

Share
Leave a Comment