ശാസ്താംകോട്ട: കഴിഞ്ഞമാസം നാലിന് പുലർച്ച ഭരണിക്കാവ് ജങ്ഷനിലെ ബേക്കറിയിൽ മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ശൂരനാട് തെക്ക് ഇഞ്ചക്കാട് കക്കാക്കുന്ന് കാർത്തികഭവനത്തിൽ മത്തിക്കണ്ണൻ എന്ന ശ്രീജിത്തി(21)നെ ആണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഒന്നരമാസക്കാലയളവിനുള്ളിൽ ഭരണിക്കാവ് ജങ്ഷനിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് ഇയാൾ. ആദ്യം തമിഴ്നാട് സ്വദേശിയായ സുന്ദരമൂർത്തിയെയും ചവറ മുകുന്ദപുരം സ്വദേശി അനീഷിനെയും ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also : പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം: വിമർശനവുമായി ബൃന്ദ കാരാട്ട്
ഭരണിക്കാവ് ബേക്കറിയിൽ നിന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും ബേക്കറി സാധനങ്ങളും മോഷ്ടിച്ചിരുന്നു. ബേക്കറിയുടെ ഷട്ടറിന്റെ പൂട്ടുതകർത്ത് അകത്തുകയറി മേശ കുത്തിത്തുറന്നാണ് പ്രതി മോഷണം നടത്തിയത്. മൊബൈൽ കാളുകളുടെ വിശദാംശങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ ഷാനവാസ്, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ ഷോബിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments