തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിപിണറായി വിജയൻ രംഗത്ത്. കോണ്‍ഗ്രസിന്റെ മുട്ടാപോക്ക് നയം തിരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിച്ചുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. എങ്ങനെയാണ് ബിജെപിയെ നേരിടേണ്ടത്. ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിര്‍ത്തുകൊണ്ടാകണമല്ലോ അത്. കോണ്‍ഗ്രസിന് അതിന് കഴിഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് നില്‍ക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ കമല്‍നാഥിന്റെ പ്രചരണ രീതി. ഇത്തരത്തിലുള്ള ദുര്‍ഗതി ഉണ്ടാക്കിവെച്ചത് കോണ്‍ഗ്രസാണ് എന്ന് നാം തിരിച്ചറിയണം. കോണ്‍ഗ്രസ് ഇത് തിരിച്ചറിയണമെന്നും ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
മൃദുഹിന്ദുത്വത്തിന്റെ ഭാഗമായി നിന്ന് തീവ്രഹിന്ദുത്വത്തെ നേരിടാം എന്ന കോണ്‍ഗ്രസിന്റെ മിഥ്യാധാരണക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള നിലപാട് തെറ്റാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്തുക എന്നത് ഇന്ന് രാജ്യം അവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷെ അത് ഞങ്ങള്‍ ഒറ്റക്ക് നിര്‍വഹിക്കും എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടാല്‍ അത് സാധിക്കില്ല എന്നാണ് ഈ കടുത്ത അനുഭവം കാണിക്കുന്നത്. സമാനചിന്താഗതിയുള്ള പാര്‍ട്ടികളെ കൂടെനിര്‍ത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം,’ മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments