ലഖ്‌നൗ: വാഹനമിടിച്ച് അധ്യാപകന്‍ മരിച്ച സംഭവം കൊലപാതകം. ഭാര്യയും കാമുകനും സഹായിയും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ദഹേലി സുജന്‍പുര്‍ സ്വദേശി രാജേഷ് ഗൗതം നവംബര്‍ 4നു കൊയ്ല നഗറിലെ സ്വര്‍ണ ജയന്തി വിഹാറിലുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. ഈ സംഭവത്തിൽ 32കാരിയായ ഭാര്യ ഊര്‍മിള കുമാരിയും കാമുകന്‍ ശൈലേന്ദ്ര സോങ്കര്‍, സഹായി വികാസ് സോങ്കര്‍ എന്നിവര്‍ പിടിയിലായി.
അധ്യാപകനായ രാജേഷ്, രാവിലെ നടക്കാന്‍ പോയപ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മരത്തിലിടിച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തിനുശേഷം കാറിലുണ്ടായിരുന്നയാള്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു, അപകടത്തിന് പിന്നാലെ രാജേഷിന്റെ ഭാര്യ ഊര്‍മിള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്.
read also: വനിതാ ഡിജെയെ നിരന്തരം ബലാത്സംഗം ചെയ്ത സംഭവം: മാനേജർ അറസ്റ്റിൽ
സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാജേഷിന്റെ ഭാര്യക്കും ഇവരുടെ കാമുകന്‍ ശൈലേന്ദ്ര സോങ്കറിനും സംഭവവുമായി ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി. ‘കൊലപാതകം നടത്താന്‍ ഊര്‍മിള ഡ്രൈവര്‍മാരായ വികാസ് സോങ്കറിനെയും സുമിത് കതേരിയയെയും 4 ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്തു. നവംബര്‍ നാലിന് രാവിലെ രാജേഷ് നടക്കാന്‍ ഇറങ്ങിയ ഉടന്‍ ശൈലേന്ദ്രയെ ഊര്‍മിള വിവരമറിയിക്കുകയും ഇയാള്‍ അത് വികാസിനെ അറിയിക്കുകയും ചെയ്തു. വികാസ് കാറില്‍ എത്തി രാജേഷിനെ പിന്നില്‍നിന്ന് ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.’ എസിപി പറഞ്ഞു.
രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷുറന്‍സും തട്ടിയെടുത്തശേഷം, ശൈലേന്ദ്രനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഊര്‍മിള കൊലപാതകം ആസൂത്രണം ചെയ്തതെന്നും എസിപി പറഞ്ഞു.
Post Your Comments