കൊച്ചി: ‘നിശാന്ധതയുടെ കാവൽക്കാർ’ എന്ന പേരിൽ അറിയപ്പെടുന്ന ലഹരി സംഘത്തിലെ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്റ്റാർ ജങ്ഷൻ സ്വദേശി പുളിക്കൽപറമ്പിൽ വീട്ടിൽ പി.എ. ഇസ്തിയാഖ്(26), ഇടപ്പള്ളി നോർത്ത് കൂനംതൈ സ്വദേശി അഹാന(26) എന്നിവരാണ് പിടിയിലായത്.
വിപണിയിൽ 15 ലക്ഷത്തോളം രൂപ വിലയുള്ള 194 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. 9000 രൂപ, ഡിജിറ്റൽ ത്രാസ്, ഐ ഫോൺ, മൂന്ന് സ്മാർട്ട് ഫോൺ എന്നിവയും കസ്റ്റഡിയിൽ എടുത്തു.
ഉപയോക്താക്കൾക്കിടയിൽ ‘പറവ’ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ട്രാൻസ്ജെൻഡർമാരുടെ ഇടയിൽ മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നാണ് ‘നിശാന്ധതയുടെ കാവൽക്കാർ’ എന്ന പേരിൽ ഗ്രൂപ് ഉണ്ടാക്കി മയക്കുമരുന്ന് വിൽക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പകൽ മുറിയിൽ ചെലവഴിച്ച് രാത്രിയിൽ ഉപഭോക്താക്കളിൽ നിന്ന് ഓൺലൈനായി പണം വാങ്ങിയായിരുന്നു വിൽപന.
പ്രതികൾ കാക്കനാട് പടമുകളിലെ സാറ്റലൈറ്റ് ജംങ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ മുറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്പ്പെടുത്തിയത്. പിടിയിലായ ശേഷവും മയക്കുമരുന്ന് ആവശ്യപ്പെട്ട് യുവതി യുവാക്കൾ ഇവരുടെ ഫോണിലേക്ക് വിളിച്ചിരുന്നു.
അങ്കമാലി ഇൻസ്പെക്ടർ സിജോ വർഗീസ്, സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, ഐ.ബി പ്രിവൻറിവ് ഓഫിസർ എൻ.ജി. അജിത്കുമാർ, ജിനീഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എൻ.ഡി. ടോമി, സരിതാറാണി, സ്പെഷൽ സ്ക്വാഡ് സി.ഇ.ഒമാരായ സി.കെ. വിമൽ കുമാർ, കെ.എ. മനോജ്, മേഘ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments