കൊല്ലം: മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് അബിഗേലിന്‍റെ അമ്മ സിജി. ‘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു സഹോദരൻ ജോനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും സിജി നന്ദി അറിയിച്ചു. പ്രാർത്ഥന ദൈവം കേട്ടുവെന്നും ഇവർ കണ്ണീരോടെ പറഞ്ഞു.
തന്റെ കുഞ്ഞിന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയുടെ മുൾമുനയിൽ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഈ കുടുംബം.
കൊല്ലം ആശ്രാമം മൈതാനത്ത് വെച്ചാണ് കുട്ടിയെ കിട്ടിയത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കണ്ടെത്തിയതിന് ശേഷം കുഞ്ഞ് ഭക്ഷണം കഴിച്ചു. ഇപ്പോൾ എആർ ക്യാംപിൽ കഴിയുന്ന കുഞ്ഞിനെ കുറച്ചു സമയങ്ങൾക്കകം വീട്ടിലെത്തിക്കും. അമ്മ സിജിയുമായും വീട്ടുകാരുമായും അബിഗേൽ വീഡിയോ കോളിൽ സംസാരിച്ചു.
കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്. നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്.
Post Your Comments