
തിരുവനന്തപുരം: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത യുവതിയെ കുടുക്കിയത് പതിനൊന്നുകാരിയുടെ നിശ്ചയദാർഢ്യം. തന്റെ ഇളയ സഹോദരി അമ്മയുടെ കാമുകന്റെ പീഡനത്തിന് നിരന്തരം ഇരയാകുന്നെന്ന് മനസ്സിലാക്കിയ പെൺകുട്ടി ഇളയ സഹോദരിയേയും കൂട്ടി അമ്മൂമ്മയുടെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്വന്തം മകളായ ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ കാമുകന് എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം നിന്ന യുവതിക്ക് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്..
2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. പ്രതിയുടെ മൂത്ത മകളുടെ അച്ഛൻ മനോരോഗിയാണ്. ഇദ്ദേഹമാണ് യുവതിയുടെ ഭർത്താവ്. ഇരയായ കുട്ടിയുടെ അച്ഛൻ മറ്റൊരാളാണ്. മാനസിക രോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം താമസമായതോടെയാണ് ഇളയ പെൺകുട്ടി പീഡനത്തിന് ഇരയായി തുടങ്ങിയത്. മൂത്ത പെൺകുട്ടിയെ പിതാവിന്റെ വീട്ടിൽ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്.
കുട്ടിയെ യുവതിയുടെ കാമുകൻ പലതവണ ക്രൂരമായി പീഡിപ്പിച്ചു. പലതവണ കുട്ടി കരഞ്ഞു കൊണ്ട് അമ്മയോട് വിവരം പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പുറത്ത് പറയരുതെന്ന ഉപദേശം മാത്രമാണ് അമ്മ കുഞ്ഞിന് നൽകിയത്. ഇതിനിടെ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽക്കുന്നത് പതിവായി. ഇക്കാര്യം പറയുമ്പോഴെല്ലാം അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു അമ്മയുടെ മറുപടി. പിന്നീട് അമ്മയുടെ സാന്നിധ്യത്തിൽ തന്നെ പീഡനം തുടർന്നു.
ഇടയ്ക്ക് കുട്ടിയുടെ 11കാരിയായ സഹോദരി വീട്ടിലെത്തി. സംസാരത്തിനിടെ സഹോദരിയെ അമ്മയ്ക്കൊപ്പം താമസിക്കുന്നയാൾ പീഡിപ്പിച്ചതായി കുട്ടി അറിഞ്ഞു. എന്നാൽ അമ്മയുടെയും കാമുകന്റെയും ഭീഷണി കാരണം സംഭവം പുറത്തുപറഞ്ഞില്ല. ഒടുവിൽ പീഡനം സഹിക്കാനാകാതെ രണ്ട് കുട്ടികളും പിതാവിന്റെ അമ്മയുടെ വീട്ടിലെത്തി സംഭവം പറയുകയായിരുന്നു. ഇതോടെ അമ്മൂമ്മ പ്രതിയോട് കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവതി അതിന് തയ്യാറായില്ല.
പിന്നീട് ഈ കാമുകനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം യുവതി താമസം തുടങ്ങി. ഇയാളും കുട്ടിയെ അമ്മയുടെ സഹായത്തോടെ പീഡിപ്പിച്ചു. പിന്നാലെ ഇക്കാര്യം അറിഞ്ഞ അമ്മൂമ്മ സംഭവം പുറത്തറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ രണ്ട് പേരെയും ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത യുവതിക്ക് 40 വർഷവും 6 മാസവും കഠിന തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. 20,000 രൂപ പിഴയും അടയ്ക്കണം.
പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി ആർ.രേഖയുടെ ശിക്ഷാവിധിയിൽ പറയുന്നു. കേസിന്റെ വിചാരണയ്ക്കിടെ യുവതിയുടെ കാമുകനും ഒന്നാം പ്രതിയുമായ ശിശുപാലൻ ആത്മഹത്യ ചെയ്തിരുന്നു. അതിനാൽ അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്.
Post Your Comments