തിരുവനന്തപുരം: ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ മാതാവിന് 40 വർഷവും ആറുമാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണം.
2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി, കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ മകളായ ഏഴുവയസ്സുകാരിയും മാതാവിനൊപ്പമുണ്ടായിരുന്നു. ഈ സമയം ശിശുപാലൻ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
വിചാരണക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തു. അതിനാൽ, അമ്മക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികൾ നിലവിൽ ചിൽഡ്രൻസ് ഹോമിലാണ് കഴിയുന്നത്. പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന അനിൽകുമാർ, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്. 22 സാക്ഷികളും 33 രേഖകളും ഹാജരാക്കി. ലീഗൽ സർവീസസ് അതോറിറ്റി കുട്ടികൾക്ക് നഷ്ട പരിഹാരം നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.
Post Your Comments