കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിൽ വിശദീകരണവുമായി എ.ഡി.ജി.പി. മഴപെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയതാണ് കുസാറ്റ് ക്യാംപസിൽ അപകടത്തിലേക്ക് നയിച്ചതെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാർ ചൂണ്ടിക്കാട്ടി. ഓഡിറ്റോറിയത്തിൽ ഭാഗിമായി മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാവീഴ്ച ഉണ്ടായതായി കരുതുന്നില്ലെന്നും ഇത്തരം പരിപാടികൾ ഇവിടെ നടത്താറുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത്. തിരക്ക് നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു ഗെയ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പെട്ടൊന്നൊരു അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള വഴി ഓഡിറ്റോറിയത്തില്‍ ഇല്ലായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. നാട്ടുകാരും പൊതുപ്രവർത്തകരുമാണ് രക്ഷാപ്രവർത്തനത്തിനായി ആദ്യം എത്തിയത്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംഘാടകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകടത്തിന് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂവരും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ക്യാമ്പസിലെ ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് വൈകുന്നേരം 7ന് ആയിരുന്നു അപകടം സംഭവിച്ചത്. പരിപാടിയുടെ അവസാന ദിവസമായ ഇന്ന് നികിത ഗാന്ധിയുടെ ഗാനമേള തുടങ്ങുമ്പോഴായിരുന്നു അപകടം. പരിപാടിയ്ക്ക് വിദ്യാര്‍ത്ഥികളെ കൂടാതെ പുറത്ത് നിന്നും നിരവധി ആളുകള്‍ എത്തിയിരുന്നു. ടീ ഷര്‍ട്ടും ടാഗും അണിഞ്ഞവരെ മാത്രമാണ് ഓഡിറ്റോറിയത്തിലേക്ക് കടത്തി വിട്ടിരുന്നത്. എന്നാല്‍ മഴ തുടങ്ങിയതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടി കയറുകയായിരുന്നു.
Post Your Comments